കാരേ... നമ്മ ഇൻ്റക്കി ഏതുക്കു പോണം?: ഏബ്രഹാം കുര്യൻ, ഗംഗോത്രി

കാരേ... നമ്മ ഇൻ്റക്കി ഏതുക്കു പോണം?: ഏബ്രഹാം കുര്യൻ, ഗംഗോത്രി

 

ധുരയ്ക്കടുത്തുള്ള മുതുമലയിൽ നിന്നും നൂറ്റാണ്ടുകൾക്ക് മുൻപ് മല കടന്ന് എത്തിയവർ..

മലയുടെ മുതുകിലൂടെ നടന്നു വന്നവർ....

മൂന്നാറിൻ്റെ ഉടയവർ.. മുതുവാൻമാർ.

ഇന്നവർ മൂന്നാറിൽ നിന്നും ഏറെ അകലങ്ങളിൽ നൂറോളം ഇടങ്ങളിലാണ്.

കഴിഞ്ഞ ദിവസം  ചെമ്പകത്തൊഴുഗ്രാമത്തിൽ അവർ ഒത്തുകൂടി, 

മുതുവാൻ ആദിവാസി സമൂഹത്തിൻ്റെ സമുദായ സംഘടനയുടെ പുനർജ്ജീവ

നത്തിനായി. 

കേരളത്തിലെയും തമിഴ്നാട്ടിലെയും മുതുവാകുടികളിൽ  ( കോളനികളിലെ )

നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇരുനൂറ്റി ഇരുപതോളം പേരാണ് പങ്കെടുത്തത്.

ഓരോ കുടികളിലെയും നേതൃസ്ഥാനം വഹിക്കുന്ന കാണിമാരും കുടികളിൽ നിന്നും തെരഞ്ഞെടുത്തു വിട്ട പ്രതിനിധികളുമായിരുന്നു അവർ.

തമിഴ്നാട്ടിൽ 12 സ്ഥലങ്ങളിലാണ് മുതുവാ കുടികളുള്ളത്. കേരളത്തിൽ നൂറിനടുത്തും.

നിലച്ചുപോയ മുതുവാൻ സമുദായ സംഘം അവർ പുനർജ്ജീവിപ്പിക്കാൻ തീരുമാനിച്ചു. 

ഒരൊറ്റ സമുദായമായി തങ്ങളുടെ നല്ല സാംസ്ക്കാരിക പാരമ്പര്യങ്ങളും മൂല്യ സങ്കല്പങ്ങളും നിലനിറുത്തി ആത്മാഭിമാനത്തോടെ പുതിയ കാലത്ത് ഒറ്റക്കെട്ടായി മുന്നേറാൻ യോഗം തീരുമാനം കൈക്കൊണ്ടു.സ്ഥായിയായൊരു വികസനം സാധ്യമാകണം.

 മുഴുവൻ കുടികളിലേയും കുട്ടികൾക്ക് സമ്പൂർണ്ണ വിദ്യാഭ്യാസം ലഭിച്ച് മികച്ച പ്രൊഫഷനുകളിലേക്ക് നീങ്ങാനുള്ള പരിശ്രമങ്ങൾക്ക് ആലോചന ചെയ്തു.

ഇതിന് സഹായകമായി ആരംഭിച്ചിരിക്കുന്ന ഗംഗോത്രിയുടെ വിദ്യാഭ്യാസ_ സാംസ്കാരിക പ്രവർത്തനങ്ങളെ  വിപുലീകരിക്കുന്നതിൻ്റെ സാധ്യതകളും യോഗം ചർച്ച ചെയ്തു.

ഭൂമിപ്രശ്നങ്ങൾ ,കൃഷി, വികസനം തുടങ്ങി വൈവിധ്യമുള്ള വിവിധ വിഷയങ്ങൾ കൂട്ടമായി ചർച്ച ചെയ്തു.ഈ കൂട്ടായ്മയിൽ  പങ്കെടുത്തതിലൂടെ  എനിക്ക് ഒരു കാര്യം ബോധ്യമാവുന്നു: എങ്ങോട്ട് പോകണമെന്ന് ഉറച്ച ബോധ്യമുള്ള ഒരു കൂട്ടം കുടിയാളുകൾ ഇവിടെയുണ്ട്. എന്നിലും അത് ഏറെ പ്രതീക്ഷ ഉണർത്തുന്നു.

കട്ടമുടി, കുഞ്ചിപ്പെട്ടികുടിയിലെ ശ്രീ. എം.പാൽ രാജാണ് കേരള മുതുവാൻ സമുദായ സംഘത്തിൻ്റെ പുതിയ പ്രസിഡൻ്റ്. 

പച്ചപ്പുല്ലു കുടിയിലെ ശ്രീ.ശേഖർ റാം (സേതു) സെക്രട്ടറിയായും ബൈസൺവാലി കോമാളികുടിയിലെ 

ശ്രീ.ശങ്കർ കുമാർ ജി.ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.

സൂസനിക്കുടിയിലെ ശ്രീ.രാമചന്ദ്രനാണ്  മീഡിയാ വിഭാഗം തലവൻ.

ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം സ്വാമിയാറളക്കുടിയിലെ

 ശ്രീ രാജേന്ദ്രൻ ഉൾപ്പെടെ നിരവധി ജനപ്രതിനിധികളും പങ്കെടുത്ത കേരള മുതുവാൻ സമുദായ സംഘത്തിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകട്ടെ

 1994 ലാണ് മുതുവാൻമാർക്കൊരു സ്വന്തം സമുദായ സംഘടന എന്നൊരാശയം  പലരോടും പങ്കുവെച്ചത്.

കുറെപ്പേർ യോജിച്ചു. പലരും ആവശ്യമില്ല എന്ന് പറഞ്ഞു.

 ഇന്നത്തെപ്പോലെ കമ്മൂണിക്കേഷൻ സൗകര്യങ്ങളില്ലാത്ത അക്കാലത്ത് മുതിർന്ന പലരോടും ചോദിച്ച് മേൽവിലാസങ്ങൾ ശേഖരിച്ച് കത്തുകൾ അയച്ചു.

പല കുടികളിലേക്കും പോകുന്നവരുടെ പക്കൽ കത്തുകൾ കൊടുത്തയച്ചു. അവസാനം

മൂന്നാർ റെസ്റ്റ്  ഹൗസിൽ ഒരാലോചനായോഗം ചേർന്നു.

17 കുടികളിൽ നിന്നും ആളുകളെത്തി. ഒരു താല്ക്കാലിക കമ്മറ്റി എടുത്തു.കേരള മുതുവാൻ സമുദായ സംഘം എന്നൊരു സംഘടന രൂപീകരിച്ചു. ഭരണഘടനയും പതാകയുമൊക്കെ ഉണ്ടാക്കി.റജിസ്ട്രേഷനും നടത്തി.

കേരളത്തിലും തമിഴ് നാട്ടിലുമായുള്ള തൊണ്ണൂറോളം കുടികളിൽ സംഘടനയുടെ ശാഖ തുടങ്ങണം. അംഗങ്ങളെ ചേർക്കണം. സംഘടനയുടെ ആവശ്യം ബോധ്യപ്പെടുത്തണം.

അടിമാലിയിൽ നിന്നും ഒരു ജീപ്പ് - കാൽനടയാത്ര ആരംഭിച്ചു.

കാട്ടിലും മലയിലുമായി ചിതറിക്കിടക്കുന്ന കുടികൾ ഓരോന്നായി സന്ദർശിച്ചു.

കാടും മലയും മഞ്ഞും മഴയും കടുത്ത തണുപ്പും ഒക്കെ കൊണ്ട് ഈ യാത്ര വിജയിപ്പിച്ച ഒരു കൂട്ടത്തെ ഓർക്കുന്നു. ടാങ്ക് കുടിയിലെ രാമചന്ദ്രനും ചിന്നത്തമ്പിയും പ്രശാന്തും ചെമ്പകത്തൊഴുക്കുടിയിലെ  മനോഹരനും....ഒക്കെ ഉൾപ്പെടുന്ന കയറുകളുടെ (യുവജനങ്ങൾ ) 

ഒരു ഗ്രൂപ്പ്.

ഈ ഗ്രൂപ്പിൻ്റെ നേതൃത്വം അച്ചു മോനായിരുന്നു.

( ശ്രീ.അവിരാ ചാക്കോ.) ഇടമലക്കുടിയും തമിഴ്നാട്ടിലെ കൊരങ്ങണിക്കുട്ടംകുടിയുമുൾപ്പെടെ എൺപതോളം കുടികളിലൂടെരണ്ടു മാസം നീണ്ടു നിന്ന സാഹസിക യാത്ര.

പ്രിയപ്പെട്ട അച്ചുമോനിപ്പോൾ തിരുവല്ല ബിലീവേഴ്‌സ് മെഡിക്കൽ കോളജിൽ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ പ്രോഗ്രാം മാനേജരാണ്.

ഓരോ കുടിയും കയറിയുള്ള പ്രവർത്തനങ്ങൾക്ക് ശേഷം 1994 ൽ ആദ്യത്തെ 

മുതുവാ സംഗമം സംഘടിപ്പിക്കപ്പെട്ടു.

തുടർന്ന് നാല് മുതുവാ സംഗമങ്ങൾ കൂടി നടന്നു.

കുറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ സംഘടന നിർജീവമായി.

വീണ്ടുമിപ്പോൾ ഒരു പുതിയ തുടക്കം.

മഞ്ഞു നിറഞ്ഞ മലനിരകൾക്കിടയിൽ പ്രകാശം അരിച്ചരിച്ചിറങ്ങട്ടെ...

 

 

ഏബ്രഹാം കുര്യൻ,

ഗംഗോത്രി.

 

 

Living leaf views paper.

Tel.9447703408.