കെഎസ്ആർടിസി ജീവനക്കാർ വീണ്ടും കാക്കി യൂണിഫോമിലേക്ക്

കെഎസ്ആർടിസി ജീവനക്കാർ വീണ്ടും കാക്കി യൂണിഫോമിലേക്ക്

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം  വീണ്ടും കാക്കിനിറത്തിലേക്ക്  . തൊഴിലാളി യൂണിയനുകളുടെ ആവശ്യപ്രകാരമാണ് നടപടി. കണ്ടക്റ്റർ/ ഡ്രൈവർ തസ്തികയിലുള്ളവർക്ക് കാക്കി ഹാഫ് സ്ലീവ് ഷർട്ടും അതേ നിറത്തിലുള്ള പാന്‍റ്സുമാണ് യൂണിഫോം. പോക്കറ്റിൽ കെഎസ്ആർടിസി എംബ്ലവുമുണ്ടായിരിക്കും. വനിതാ കണ്ടക്റ്റർമാർക്ക് കാക്കി ചുരിദാറും ഓവർകോട്ടും 

യൂണിഫോം മാറ്റം ഉടൻ നടപ്പിലാക്കിയേക്കും. ഇൻസ്പെക്റ്റർമാർക്ക് കാക്കി സഫാരി സ്യൂട്ടാണ് വേഷം.മെക്കാനിക്കല്‍-സ്റ്റോർ ജീവനക്കാര്‍ക്ക് നേവി ബ്ലൂ യൂണിഫോം ആയിരിക്കും. പ്യൂൺ വിഭാഗം ജീവനക്കാരെ യൂണിഫോമിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഉത്തരവിൽ പരാമർശിക്കാത്ത മറ്റ് ജീവനക്കാർ നിലവിലെ യൂണിഫോം തന്നെ ഉപയോഗിക്കണം. പരിഷ്‌കാരം ഉടൻ നടപ്പാക്കാനാണ് തീരുമാനം. ഇതിനായി 60,000 മീറ്റർ തുണി കേരള ടെക്‌സ്റ്റൈൽ കോർപറേഷൻ കൈമാറി. ജീവനക്കാർക്ക് രണ്ട് ജോഡി വീതം യൂണിഫോമിനായുള്ള തുണി കെഎസ്ആർടിസി നൽകും. സ്റ്റിച്ചിങ് പാറ്റേൺ ഉൾപ്പടെ പിന്നാലെ അറിയിക്കും. കെഎസ്ആർടിസിയിൽ പുതുമയും പ്രൊഫഷണല്‍ മുഖവും കൊണ്ടുവരുന്നതിനായി 2015ലായിരുന്നു അവസാനമായി യൂണിഫോം മാറ്റിയത്.

നിലവില്‍ കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും യൂണിഫോം നീല ഷര്‍ട്ടും കടും നീല പാന്‍റുമാണ്. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് ചാര നിറവും ഇന്‍സ്പെക്ടര്‍മാരുടേത് മങ്ങിയ വെള്ള ഷര്‍ട്ടും കറുത്ത പാന്‍റുമാണ് ഇപ്പോഴത്തെ യൂണിഫോം. നിലവിലെ യൂണിഫോം തുടരുന്നതിൽ ജീവനക്കാർക്ക് അതൃപ്തിയുണ്ടെന്ന് വിവിധ യോഗങ്ങളിൽ യൂണിയൻ പ്രതിനിധികളും മാനേജ്മെന്‍റിനെ അറിയിച്ചിരുന്നു. തിരിച്ച് കാക്കിയാക്കണമെന്നായിരുന്നു ഭൂരിഭാഗം പേരുടെയും ആവശ്യം. ഇതേത്തുടർന്ന് യൂണിഫോം തിരിച്ച് കാക്കിയാക്കാം എന്ന് തീരുമാനിക്കുകയും ചിലർ കാക്കി അണിഞ്ഞ് ജോലിയിൽ പ്രവേശിക്കാനും തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ ഉത്തരവിറങ്ങിയത്