കഞ്ചാവ് തോട്ടം തെരയുന്നതിനിടെ പൊലീസ് സംഘം കൊടുംകാട്ടില്‍ അകപ്പെട്ടു

കഞ്ചാവ് തോട്ടം തെരയുന്നതിനിടെ പൊലീസ് സംഘം കൊടുംകാട്ടില്‍ അകപ്പെട്ടു

ഗളി: വനത്തില്‍ കഞ്ചാവ് തെരച്ചിലിനായി പോയ അഗളി ഡി.വൈ.എസ്.പിയും, പൊലിസുകാരും, വനം വകുപ്പ് ജീവനക്കാരും വനത്തില്‍ കുടുങ്ങി.അഗളി ഡി.വൈ.എസ്.പി. എസ്. ജയകൃഷ്ണനും സംഘവുമാണ് പുതൂര്‍ മുരുഗളക്കും, ഗൊട്ടിയാര്‍കണ്ടിക്കുമിടയിലുള്ള നിബിഡ വനത്തില്‍ വഴിയറിയാതെ കുടുങ്ങിയത്. പൊലിസും, വനം വകുപ്പും വനത്തില്‍ കുടുങ്ങിയ സംഘത്തെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങളാരംഭിച്ചു. ചെവ്വാഴ്ച പുലര്‍ച്ചയോടെ ഗൊട്ടിയാര്‍ക്കണ്ടിയില്‍ നിന്നുമാണ് കഞ്ചാവ് തെരച്ചിലിനായി സംഘം കാടുകയറിയത്.

ഡി.വൈ.എസ്.പി യോടെപ്പം പുതൂര്‍ പൊലിസ് സ്റ്റേഷനിലെ എസ്.ഐ ജയപ്രസാദ്, സിവില്‍ പൊലിസ് ഓഫിസര്‍മാര്‍ അന്‍വര്‍, സുബിന്‍, വിശാഖ്, ഓമനക്കുട്ടന്‍, സുജിത്ത്, രാഹുല്‍ എന്നിവരും അട്ടപ്പാടി റെയ്ഞ്ചിലെ മുക്കാലി ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരും, മൂന്ന് വാച്ചര്‍മാരുമാണ് സംഘത്തിനൊപ്പമുള്ളത്. ചൊവ്വാഴ്ച ഉച്ചവരെയുള്ള ഭക്ഷണമാണ് സംഘത്തിന്റെ കൈയിലുണ്ടായിരുന്നത്.

കഞ്ചാവ് തോട്ടം നശിപ്പിച്ച്‌ തിരിച്ചിറങ്ങാനായി വനത്തിലൂടെ നടന്ന സംഘം വഴിതെറ്റി മുരുഗള ഊരിന് മുകളിലുള്ള പാറയുടെ മുകളിലെത്തുകയായിരുന്നു. നേരം ഇരുട്ടിയതോടെ പാറയില്‍ നിന്നും ഇറങ്ങാന്‍ കഴിയാതെ ഡി.വൈ.എസ്.പിയും സംഘവും കുടുങ്ങുകയായിരിന്നു. പൊലിസ് സംഘത്തിന്റെ ഫോണുകളെല്ലാം സ്വിച്ച്‌ ഓഫിലാണ്. വനം വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ ഫോണിന് റെയ്ഞ്ചുണ്ടായിരുന്നതിനാല്‍ കുടുങ്ങിയ വിവരം അധികൃതരെ വിളിച്ച്‌ അറിയിക്കുകയായിരിന്നു