തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിന് കെ കരുണാകരന്റെ പേര്; ഉത്തരവിറക്കി സർക്കാർ
തിരുവനന്തപുരം: രണ്ടാമത്തെ മെഡിക്കൽ കോളേജ് തിരുവനന്തപുരത്ത് വരുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കെ കരുണാകരന്റെ പേര് നൽകി ഉത്തരവിറക്കി സംസ്ഥാന സർക്കാർ. 'കെ കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ്' എന്ന് നാമകരണം ചെയ്‌തു കൊണ്ടാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്.
നേരത്തെ തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളജ് തുടങ്ങുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനായി എസൻഷ്യൽറ്റി സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റ് ഓഫ് അണ്ടർ ടേക്കിങ് എന്നിവ ലഭ്യമാക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കുമ്പോൾ സ്ഥാപനത്തിനു പേര് നൽകേണ്ടതുണ്ട്.
ഈ സമയത്താണ് കരുണാകരന്റെ പേര് നൽകി ഉത്തരവിറക്കിയത്. കെ കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ് എന്നായിരിക്കും ആശുപത്രിയുടെ പൂർണനാമം. തിരുവനന്തപുരം ജനറൽ ആശുപത്രി, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവ ഒന്നിച്ചു ചേർത്താണ് പുതിയ മെഡിക്കൽ കോളേജ് രൂപീകരിക്കുന്നത്.
തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജിന് അനുമതി ലഭ്യമാക്കണമെന്നും ഈ അധ്യയനവർഷം തന്നെ പ്രവേശനം നടത്താനുള്ള ഇടപെടൽ ഉണ്ടാകണമെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ കഴിഞ്ഞ ദിവസം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എൻഎച്ച്എം പദ്ധതികളുടെ അവലോകനയോഗത്തിലായിരുന്നു മുരളീധരൻ ഈ ആവശ്യങ്ങൾ ഉന്നയിച്ചത്.
തിരുവനന്തപുരം ജനറൽ ആശുപത്രിയെ 100 എംബിബിഎസ്. സീറ്റുകളുള്ള മെഡിക്കൽ കോളേജായി ഉയർത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുണ്ടെന്നും ജീവനക്കാരും സജ്ജമാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. പുതിയ മെഡിക്കൽ കോളേജിനുള്ള 150 കോടിയുടെ കേന്ദ്രസഹായം ഉടൻ അനുവദിക്കണമെന്നായിരുന്നു യോഗത്തിൽ മന്ത്രി ആവശ്യപ്പെട്ടത്. ഇതിനോട് അനുകൂലമായാണ് കേന്ദ്രം പ്രതികരിച്ചത്.