പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന കേസ്: സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിൻ്റെ മാതാവിനെയും അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ചെന്ന പരാതിയിൽ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും മുൻ ബിഗ് ബോസ് താരവുമായ ജാൻമണി ദാസ് അറസ്റ്റിൽ. ബി.ജെ.പി. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യാ ഹരിദാസ് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി സൈബർ പൊലീസാണ് ജാൻമണിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഡൽഹിയിൽ നടന്ന വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു ജാൻമണിയുടെ വിവാദ പരാമർശം. ഇത് പിന്നീട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയിട്ടുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാൻമണിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമെന്ന് പൊലീസ് അറിയിച്ചു.
ഭാരതീയ ന്യായ സംഹിത (ബിഎൻഎശ്), കേരള പൊലീസ് ആക്ട് എന്നിവയിലെ കടുത്ത വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 192 (ലഹള ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിക്കൽ), 356(2) (അപകീർത്തിപ്പെടുത്തൽ), കേരള പോലീസ് ആക്ടിലെ വകുപ്പ് 120(ഒ) എന്നിവ പ്രകാരമാണ് കേസ്. സമൂഹത്തിൽ ബോധപൂർവ്വം അസ്വസ്ഥതകൾ സൃഷ്ടിക്കുക, ജനങ്ങൾക്കിടയിൽ പരസ്പരം പ്രകോപനം ഉണ്ടാക്കുക, പൊതുസമാധാനം തകർക്കുക എന്നീ വ്യക്തമായ ഉദ്ദേശ്യത്തോടെയാണ് ജാൻമണി ഈ അപകീർത്തികരമായ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ചതെന്ന് എഫ്.ഐ.ആറിൽ പൊലീസ് ചൂണ്ടിക്കാണിക്കുന്നു.
വസ്തുതാവിരുദ്ധമായ ഉള്ളടക്കങ്ങൾ അടങ്ങിയ ഒരു വീഡിയോയെ അടിസ്ഥാനമാക്കിയാണ് രാജ്യത്തിൻ്റെ പ്രധാനമന്ത്രിക്കെതിരെയും അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾക്കെതിരെയും ജാൻമണി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പരാതി ഉയർന്നതിന് പിന്നാലെ ജാൻമണിക്കും പോസ്റ്റ് ഷെയർ ചെയ്ത മറ്റൊരാൾക്കും നോട്ടീസ് നൽകി വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയതെന്നും പൊലീസ് അറിയിച്ചു.
സംഭവം വിവാദമായതോടെ വിശദീകരണവും പരസ്യ ക്ഷമാപണവുമായി ജാൻമണി രംഗത്തെത്തിയിരുന്നു.
"സത്യം പറഞ്ഞാൽ ആരെയും വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല. എനിക്ക് മലയാളം നന്നായി സംസാരിക്കാൻ അറിയില്ല. ഭാഷാ പ്രയോഗത്തിൽ സംഭവിച്ച വലിയൊരു പിഴവാണിത്. പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ചല്ല ഞാൻ പറഞ്ഞത്. ഓൺലൈനിൽ കണ്ട ഒരു ഉള്ളടക്കവുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ചോദിക്കുക മാത്രമാണ് ചെയ്തത്. എൻ്റെ ഭാഗത്തുനിന്ന് തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ എല്ലാവരോടും ഞാൻ മാപ്പ് ചോദിക്കുന്നു." ഇൻസ്റ്റഗ്രാമിലെ ഒരു പോസ്‌റ്റില്‍ ജാൻമാണി പറഞ്ഞു.
തനിക്ക് നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും ഭീഷണി സന്ദേശങ്ങളും വരുന്നുണ്ടെന്നും താരം മുൻപ് വ്യക്തമാക്കിയിരുന്നു. എന്നാൽ ജാൻമണിയുടെ ക്ഷമാപണം മഹിളാ മോർച്ച തള്ളിക്കളഞ്ഞു. ഇത് വെറുമൊരു ഭാഷാപരമായ പരിമിതിയല്ലെന്നും ബോധപൂർവമുള്ള അധിക്ഷേപമാണെന്നും ചൂണ്ടിക്കാട്ടിയാണ് മഹിളാ മോർച്ച നിയമനടപടികളുമായി മുന്നോട്ടുപോയത്.