കടുത്ത ചൂടിന് വിരാമം; സംസ്ഥാനത്ത് നാളെ മുതൽ മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമായി നാളെ മുതൽ മൂന്ന് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ ഫലമായാണ് മഴയെത്തുന്നത്. അതേസമയം, ഇന്നും സംസ്ഥാനത്ത് ശക്തമായ ചൂട് തുടരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
മഴ മുന്നറിയിപ്പിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 10- ന് ആലപ്പുഴ, എറണാകുളം ജില്ലകളിലും, സെപ്റ്റംബർ 11- ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും, സെപ്റ്റംബർ 12- ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലുമാണ് യെല്ലോ അലേർട്ട് ഉള്ളത്.
സെപ്റ്റംബർ 13- ന് പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.