ബ്രിക്സ് ഉച്ചകോടിക്ക് ഡൽഹി ഒരുങ്ങി

Sep 9, 2026 - 11:54
 0  3
ബ്രിക്സ് ഉച്ചകോടിക്ക് ഡൽഹി ഒരുങ്ങി

18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഡൽഹി ഒരുങ്ങി. സെപ്റ്റംബർ 12, 13 തീയതികളിൽ ഭാരത് മണ്ഡപത്തിലാണ് ബ്രിക്സ് അംഗരാജ്യങ്ങളിലെ നേതാക്കളുടെ ഉച്ചകോടി നടക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് അംഗരാജ്യങ്ങളുടെ പ്രധാന സെഷൻ. ‘പ്രതിരോധം, നൂതനാശയം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായി ഒരുമിക്കാം’ എന്നതാണ് ഈ വർഷത്തെ ഉച്ചകോടിയുടെ ഔദ്യോഗിക മുദ്രാവാക്യം.

ഉച്ചകോടിയുടെ ഭാഗമായി ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തലവന്മാർക്ക് അത്താഴവിരുന്ന് നൽകും. തുടർന്ന് നേതാക്കൾ ഭാരത് മണ്ഡപം പരിസരത്ത് ഒരുമിച്ച് മരം നടും. ‘ഭാരത് ഇന്നൊവേറ്റ്സ്’ എന്ന പ്രദർശനവും നേതാക്കൾ സന്ദർശിക്കും. ഞായറാഴ്ച അംഗരാജ്യങ്ങളുടെയും പങ്കാളി രാജ്യങ്ങളുടെയും സംയുക്ത സെഷൻ നടക്കും. ഉച്ചകോടി ഞായറാഴ്ച ഉച്ചയോടെ സമാപിക്കും.

ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിലെ പ്രധാന മേഖലകളെല്ലാം വർണാഭമായ പോസ്റ്ററുകളും ദീപാലങ്കാരങ്ങളും കൊണ്ട് നിറഞ്ഞുകഴിഞ്ഞു. വിവിധ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാർ, വിദേശ പ്രതിനിധികൾ, അന്താരാഷ്ട്ര സംഘടനാ മേധാവികൾ, പ്രമുഖ വ്യക്തികൾ തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുക്കും. പ്രതിനിധികൾക്കായി നഗരത്തിലെ ഒമ്പത് ഹോട്ടലുകളിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.

വിദേശ നേതാക്കളുടെ സന്ദർശനം കണക്കിലെടുത്ത് ദില്ലിയിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളുമാണ് ഏർപ്പെടുത്തുന്നത്.