യുപിയിലെ തൊഴിൽ അന്വേഷകരെ ഇസ്രായേലിലേക്ക് അയക്കാന്‍ യോഗി

യുപിയിലെ തൊഴിൽ അന്വേഷകരെ    ഇസ്രായേലിലേക്ക്   അയക്കാന്‍ യോഗി

ന്യൂഡല്‍ഹി: ഇസ്രായേല്‍ - ഹമാസ് യുദ്ധം സാധ്യതയാക്കി മാറ്റുകയാണ് മറ്റു രാജ്യങ്ങള്‍.   

നേരത്തെ ഇസ്രായേലിലെ നിര്‍മാണ തൊഴിലാളികള്‍ ഭൂരിപക്ഷവും പലസ്തീനില്‍ നിന്നുള്ളവരായിരുന്നു. യുദ്ധം ആരംഭിച്ചതോടെ പലസ്തീനികളെ ഇസ്രായേല്‍ നാടുകടത്തി.

പലസ്തീനികളെ ഒഴിവാക്കിയതോടെ ഇസ്രായേലിലെ തൊഴിലവസരങ്ങള്‍ തങ്ങളുടെ സംസ്ഥാനത്തെ തൊഴിലാളികളോട് ഉപയോഗപ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. യുപി സര്‍ക്കാരിന്റെ തൊഴില്‍ വകുപ്പ് ഇതുസംബന്ധിച്ച പരസ്യവും പുറത്തിറക്കി. നിര്‍മാണ തൊഴിലാളികള്‍ക്ക് ജോലി ലഭിക്കാനുള്ള സുവര്‍ണാവസരമാണ് സര്‍ക്കാര്‍ ഒരുക്കുന്നതെന്ന് പരസ്യത്തില്‍ പറയുന്നു. മേസ്ത്രി, ടൈല്‍സ് തൊഴിലാളികള്‍, ഷട്ടറിംഗ് തൊഴിലാളികള്‍ തുടങ്ങിയവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. ഇന്ത്യാ ഗവണ്‍മെന്റിന്റെ നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് മിഷന്‍ മുഖേന ഇസ്രായേലിലെ സുരക്ഷിത സ്ഥലങ്ങളില്‍ കെട്ടിട നിര്‍മ്മാണത്തില്‍ ജോലി ചെയ്യാം.

ഓരോ തൊഴിലാളിക്കും പ്രതിമാസം 1.25 ലക്ഷം രൂപ നല്‍കുമെന്നും പ്രതിമാസം 15,000 രൂപ അധികമായി ബോണസ് ആയി നല്‍കുമെന്നും പറയുന്നു. ഇത് കമ്ബനിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും കാലാവധി കഴിയുമ്ബോള്‍ തൊഴിലാളിക്ക് നല്‍കുകയും ചെയ്യും.

മെയ് മാസത്തില്‍, 34,000 നിര്‍മ്മാണ തൊഴിലാളികള്‍ ഉള്‍പ്പെടെ 42,000 ഇന്ത്യന്‍ തൊഴിലാളികളെ ജോലിക്കായി ഇസ്രായേലിലേക്ക് അയയ്ക്കാന്‍ ഇന്ത്യയും ഇസ്രായേലും സമ്മതിച്ചിരുന്നു. ഇസ്രായേല്‍ കുറച്ചുകാലമായി തൊഴിലാളി ക്ഷാമം നേരിടുന്നുണ്ടെങ്കിലും, ഒക്ടോബര്‍ 7 മുതല്‍ പലസ്തീനുമായുള്ള സംഘര്‍ഷമാണ് കൂടുതല്‍ അവസരമൊരുക്കിയത്.

ഹരിയാന സര്‍ക്കാരും സമാനമായ പരസ്യം നല്‍കയിരുന്നു. ഷട്ടറിംഗ്, സെറാമിക് ടൈലുകള്‍ സ്ഥാപിക്കല്‍, പ്ലാസ്റ്ററിംഗ് എന്നിവയില്‍ വൈദഗ്ധ്യമുള്ള തൊഴിലാളികളേയാണ് ഹരിയാന സര്‍ക്കാര്‍ ജോലിക്കായി അപേക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചത്. 1.55 ലക്ഷം രൂപയില്‍ കൂടുതല്‍ പ്രതിമാസ ശമ്ബളവും 63 മാസത്തില്‍ കവിയാത്ത കരാറുമാണ് ഇവര്‍ക്ക് വാഗ്ദാനം ചെയ്തത്.

തൊഴിലാളി കുറഞ്ഞത് ഒരു വര്‍ഷം മുതല്‍ പരമാവധി അഞ്ച് വര്‍ഷം വരെ തൊഴില്‍ കരാറില്‍ ഒപ്പിടണം. അപേക്ഷകനോ അവരുടെ കുടുംബത്തിലെ ഏതെങ്കിലും അംഗമോ മുമ്ബ് ഇസ്രായേലില്‍ ജോലി ചെയ്തിരിക്കാന്‍ പാടില്ല. 21 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ള അപേക്ഷകന്‍ ഇസ്രായേലിലേക്കും തിരിച്ചുമുള്ള സ്വന്തം യാത്രയ്ക്ക് പണം നല്‍കേണ്ടതുണ്ട്. ഇവര്‍ക്ക് നിശ്ചിത ജോലിയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പരിചയവും ഉണ്ടായിരിക്കണം.