ഇനിയും ജയിക്കാനുള്ളവർ: കഥ, മിനി സുരേഷ്       

ഇനിയും ജയിക്കാനുള്ളവർ: കഥ, മിനി സുരേഷ്        

വിശാലമായ സ്കൂൾ മൈതാനവും,ചൂള മരങ്ങളുംഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള പള്ളിയും ,കൂട്ടുകാരുമെല്ലാം ഇടക്കിടെ അവളുടെ സ്വപ്നങ്ങളിലേക്ക്  കടന്നുവരാറുണ്ട്.

കരുതലോടെപരിചരിക്കപ്പെടുന്ന ഉദ്യാനത്തിനപ്പുറത്തുള്ള ബോർഡിംഗ് കെട്ടിടത്തിൽ നിന്നും വെള്ള ബ്ലൗസ്സും നീല പാവാടയും ധരിച്ച പെൺകുട്ടികൾ വരി വരിയായി നടന്നു നീങ്ങുന്നുണ്ട്. അവരിൽ തലമുടി ബോബ് ചെയ്തു മുക്കുത്തിയണിഞ്ഞ ഒരുവൾ തല ചെരിച്ച് ചോദിക്കുന്നു.

"ഉഷ ഒൻപതാം ക്ലാസ്സിൽ തോറ്റു പോയി അല്ലേ."

"ഇൻറർവെൽ സമയത്ത് ഇത്തിരി വെള്ളം പോലും കുടിക്കുവാൻ പോകാതെ നിനക്കു മനസ്സിലാകാതെ വരുന്ന പാഠഭാഗങ്ങൾ എല്ലാം ഞാൻ പറഞ്ഞു തന്നിരുന്നതല്ലേ. എന്നിട്ടും പഠിക്കാതെ നടന്ന് തോറ്റു പോയല്ലോ നീയ്യ്" കൂട്ടുകാരി ആനിയുടെ മുഖത്ത് സങ്കടവും ദേഷ്യവും തെളിഞ്ഞു നിൽക്കുന്നു.

 കൂട്ടുകാരെല്ലാം പുതിയ ക്ലാസ്സുകളിലേക്ക് നീങ്ങുമ്പോൾ ,പിന്നിൽ കരയുന്ന അമ്മയുടെ മുഖം തെളിയുന്നു. പിന്നെയതൊരു അഗ്നിഗോളമായി ആളിപ്പടരുന്നു.

"അമ്മേ.,അമ്മേ" അവളലറി വിളിച്ചു.

"എന്താ ഇന്നും നീ സ്വപ്നം കണ്ടോ"ഉറക്കം മുറിഞ്ഞ ഈർഷ്യയോടെ ഭർത്താവ് ചോദിച്ചപ്പോൾ അവൾക്ക്പറയുവാൻ പുതിയ ഉത്തരങ്ങളൊന്നും ഇല്ലായിരുന്നു.

 വർഷങ്ങൾ ഒരു പാടു കടന്നു പോയിട്ടും ഇന്നും മനസ്സിൽ അണയാതെ കിടക്കുന്ന ആ ഭൂതകാലം പേടി സ്വപ്നങ്ങളായി അവളെ വേട്ടയാടി ക്കൊണ്ടിരിക്കുന്നു.

  രണ്ടു മാർക്കിന്റെ കുറവിൽ  അവൾക്ക് പത്താം തരത്തിലേക്കുള്ള പ്രവേശനം നിഷേധിച്ച ടീച്ചറും ഒരു പക്ഷേ മൺമറഞ്ഞു പോയിരിക്കാം. ഒരു നിഴൽ പോലെ ആ കാലം ഇന്നും അവളെ പിൻതുടരുന്നു.

 സ്വപ്നങ്ങൾ സഞ്ചരിക്കുന്നത് നേർരേഖയിലല്ലെന്ന് പലപ്പോഴും തോന്നാറുണ്ട്.മറക്കണമെന്ന് എത്ര കരുതിയാലും താളം തെറ്റിയമനസ്സിന്റെ നൊമ്പരങ്ങൾ ,വികൃതമായ ഓർമ്മകളുടെ മുറിപ്പാടുകൾ എല്ലാം ചേർന്ന് ചിലപ്പോൾ വല്ലാത്ത ഒരുന്മാദാവസ്ഥയിലെത്തിക്കും.

അന്നേ ദിവസം കറികൾക്ക് ചിലപ്പോൾ ഉപ്പു കൂടുതലായിരിക്കും. അടുക്കളയിൽ ഇടക്കിടക്ക് വലിയ ശബ്ദത്തോടെ പാത്രങ്ങൾ നിലത്തു വീഴും.

തൊട്ടതിനും,പിടിച്ചതിനുമെല്ലാം ദേഷ്യം.

"ഈ ഭ്രാന്ത് പിടിച്ചതിന്റെ കൂടെ കഴിയുന്ന എന്നെ പറഞ്ഞാൽ മതിയല്ലോ..ഭർത്താവും ഒരിക്കലും അവളുടെ വിഷമം മനസ്സിലാക്കാറില്ല.

"വല്ലോരും കേട്ടാൽ ചിരിക്കും എൻറെ അമ്മേ. അമ്മ പണ്ട് ഒൻപതാം തരത്തിൽ തോറ്റു പോയതിന്റെ വിഷമം ഇപ്പോഴും കൊണ്ടു നടക്കുന്നുന്ന് പറഞ്ഞാൽ.അതൊക്കെയങ്ങ് മനസ്സിൽ നിന്ന് പറിച്ചുകളയൂ. തന്നോളം പോന്ന മകനും ഉപദേശിച്ചു മടുത്തു.

ചെറുപ്പത്തിൽ ഇതു പോലെ വിഷമം പിടിച്ച ദിനങ്ങളിൽ എന്തെങ്കിലും ഒക്കെ നിസ്സാരകാര്യത്തെ വലുതാക്കി താൻ അവനെ ഒരു പാട് ദേഹോപദ്രവവും ഏൽപ്പിക്കുമായിരുന്നു.

എത്ര ഡോക്ടർമാരെ ഇതിനോടകം കാണിച്ചിരിക്കുന്നു. വേദനകളുടെ വേരുകൾ വീണ്ടും പൊട്ടി മുളക്കാനാവാതെ പിഴുതെറിയുവാൻ ഒരു മരുന്നിനും ഇതു വരെ കഴിഞ്ഞിട്ടില്ല.

പഠിക്കുവാൻ  തീരെ മണ്ടിയൊന്നുമല്ലായിരുന്നു.പക്ഷേ കണക്കെന്നും അവൾക്കൊരു ബാലി കേറാ മലയായിരുന്നു.

കന്യാസ്ത്രീയമ്മമാർ ചിട്ടയോടു കൂടി നടത്തി വരുന്ന പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂൾ.

എല്ലാ വർഷവും എസ്.എസ്എൽ സിയ്ക്കു നൂറുശതമാനം വിജയം  എപ്പോഴും ലഭിക്കാറുള്ള കേരളത്തിലെ പ്രശസ്തമായ വിദ്യാലയം.

 നൂറു മേനി വിജയം കൊയ്തെടുക്കുവാൻ 'ചില കളകളെ' ഒൻപതാം ക്ലാസ്സിൽ വച്ച്  ഒഴിവാക്കുന്ന അവിടുത്തെ സമ്പ്രദായം പരസ്യമായ ഒരു രഹസ്യമായിരുന്നു. പഠിക്കുവാൻ തീരെ മോശമായ കുട്ടികളുടെ രക്ഷകത്താക്കളെ പരീക്ഷക്കു മുൻപേ തന്നെ നിർബന്ധിച്ച്  വരുത്തി ടി.സികൊടുത്തു വിടും. വാർഷിക പരീക്ഷയിൽ ചെറിയ ഒരൂ പുഴുക്കുത്തേറ്റാൽ പോലും ആ കുട്ടിയെ പിഴുതെറിയും.

 ഇതിനെയെല്ലാം കുറിച്ചു പലരും പറഞ്ഞ് ധാരണ ഉള്ളതിനാൽ ഉഷയുടെ അമ്മക്കും ആധിയായിരുന്നു.

കണക്കിന് പ്രത്യേകം ട്യൂഷനും ഏർപ്പാടാക്കിയിരുന്നു. എന്നിട്ടും റിസൾട്ട് വന്നപ്പോൾ ഉഷ രണ്ടു മാർക്കിന്റെ കുറവിൽ പരാജയപ്പെട്ടു.

"ഈ കൊച്ച് ഇങ്ങനെയൊരു മണ്ടിയായല്ലോ." 

"നമ്മുടെ കു:ടുംബത്തിൽ ഇന്നു വരെ ആരും തോറ്റിട്ടില്ല." നിന്റെ മകളായിട്ട് ആ ചരിത്രം തിരുത്തി.

നാട്ടുകാരുടെയും വീട്ടുകാരുടെയും പരിഹാസങ്ങൾ ദിവസം തോറും കൂടിവന്നു.

നാണക്കേടു സഹിക്കാനാവില്ല'എന്നു പറഞ്ഞ് ആത്മഹത്യക്കും മുതിർന്നു മകളോളം പോലും പക്വതയില്ലാത്ത അവളുടെ അമ്മ. കുറെ കാലം വീട്ടിൽ മൊരഞ്ഞ് ,മൊരഞ്ഞ് നിന്ന് വീട്ടുകാർ അവളെ ഒരു തരത്തിൽ കെട്ടിച്ചു വിട്ട് ബാധ്യതയും  തീർത്തു.

     വെയിലത്രയുമൊന്നും ശക്തമല്ലാത്ത ഒരു മദ്ധ്യാഹ്നത്തിലാണ് അവർ അവളുടെ വീട്ടിൽ ചെന്നത്. വീട്ടു ജോലികളെല്ലാം ഒതുക്കി ചെറിയൊരു മയക്കത്തിലായിരുന്നു ശോഭ. 

 കോളിംഗ് ബെൽ നിർത്താതെ മണി മുഴക്കുന്നതിന്റെ ഈർഷ്യയിൽ വാതിൽ തുറന്നപ്പോൾ പെട്ടെന്ന് അവളമ്പരന്നു പോയി.

 തന്റെ കൂടെ പഠിച്ചിരുന്ന ആ പഴയ പാവാടക്കാരികളുടെ പുതിയ മുഖം ഓർമ്മയിലൊന്ന്  പരതിയെടുക്കുവാൻ കുറച്ചു സമയം അവൾക്ക് വേണ്ടി വന്നു.

  സ്കൂളിലെ പഴയ ആ മൂന്നു കൂട്ടുകാരികൾ അവസാനം അവളെ കണ്ടെത്തിയെന്ന വിജയഭേരി ഉച്ചത്തിൽ മുഴക്കി സ്വാതന്ത്ര്യത്തോടെ തന്നെയങ്ങ് വീടിനകത്തേക്ക് ഇടിച്ചു കയറി.നാലു ഡിവിഷനുകളിലായി ഒരേ ബാച്ചിൽ പണ്ടു സ്കൂളിൽ പഠിച്ചിരുന്ന കൂട്ടുകാരെയെല്ലാം കണ്ടെത്തി ഒരു ഗെറ്റ് ടുഗതർ സംഘടിപ്പിക്കുന്ന ഓട്ടത്തിലായിരുന്നു ആ മൂവർസംഘം.

 "എന്തു ഭംഗിയായി നീ വീടും,ഗാർഡനുമൊക്കെ സൂക്ഷിച്ചിരിക്കുന്നെടീ" വില്ലേജ് ഓഫീസറായ സുഷമക്ക് അതിശയം.

ഉദ്യോഗസ്ഥകളായ കൂട്ടുകാരികളുടെ മുന്നിൽ ചൂളി നിന്നിരുന്ന ഉഷക്ക് പെട്ടെന്ന് ഉന്മേഷം വന്നതു പോലെ തോന്നി.

  പഴയ എല്ലാ കൂട്ടുകാരികളും 'വോയ്സ് മെസേജു'കളിൽ കൂടെ സ്കൂൾ 'വാട്സ് ആപ്പ്' ഗ്രൂപ്പിലൂടെസംവേദിക്കാറുണ്ടെന്നും ക്യാനഡയും,അബുദാബിയുമൊക്കെ തൊട്ടടുത്തുള്ള സ്ഥലങ്ങളായാണ് തങ്ങൾക്ക് ഇപ്പോൾ തോന്നുന്നതെന്നും ഒക്കെ കൂട്ടുകാരികൾ പറഞ്ഞപ്പോഴും ഉഷക്ക് യാതൊരു സന്തോഷവും തോന്നിയില്ല.

"എല്ലാവരും പഠിത്തക്കാരികളും ഉദ്യോഗസ്ഥരും .ഞാൻ മാത്രം പത്താം ക്ലാസ്സു പോലും പാസ്സാകാതെ.."

അദ്ധ്യാപികയായ നസീമ അവളുടെ കയ്യിൽ നല്ലൊരു നുള്ളു വച്ചു കൊടുത്തു.

"പിന്നേ പണ്ട് ഒൻപതിൽ തോറ്റു പോയതല്ലേ വലിയ കാര്യം. എത്ര ഭംഗിയായി നീ വീടു നോക്കുന്നു.

തുന്നൽ മെഷീനിലിരിക്കുന്ന പകുതി തയ്ച്ചു വച്ച തുണികൾ കണ്ടപ്പോൾ തന്നെ നിന്റെകഴിവു ഞങ്ങൾക്കു മനസ്സിലായി. എടി പെണ്ണേ നിന്നെ ഒരു കൊല്ലത്തിനകം ഞങ്ങൾ പത്താം ക്ലാസ്സും പാസ്സാക്കും, നല്ലൊരു ബ്യുട്ടിക്കും 'സ്റ്റാർട്ട്'ചെയ്യിക്കും. നിന്നെ കണ്ടു പിടിക്കുവാൻ ഇത്രയും വൈകിയതിലുള്ള സങ്കടമേ ഇപ്പോൾ ഉള്ളൂ..

  ഒരു ഡോക്ടർക്കും മരുന്നിനും ഭേദമാക്കുവാൻ പറ്റാതെ പോയ ഉഷയുടെ മനസ്സിലെ മുറിവുകൾ സൗഹൃദത്തിന്റെ കുളിർക്കാറ്റ് തഴുകിയപ്പോൾ മെല്ലെ വാടുവാൻ തുടങ്ങിയിരുന്നു. പരാജയം എന്നത് ഒരിക്കലും 

ഒരവസാന വാക്കല്ലെന്ന വെളിച്ചം അവളുടെ മനസ്സിലും മെല്ലെ തെളിഞ്ഞു.