68ആം വയസ്സില്‍ തുല്യതാ പരീക്ഷ ജയിച്ച്‌ നടൻ ഇന്ദ്രൻസ്

Nov 15, 2024 - 13:38
 0  21
68ആം വയസ്സില്‍ തുല്യതാ പരീക്ഷ ജയിച്ച്‌ നടൻ ഇന്ദ്രൻസ്

സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷ പാസായി നടന്‍ ഇന്ദ്രന്‍സ്. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ സെന്‍ട്രല്‍ സ്‌കൂളില്‍ വച്ചാണ് നടന്‍ പരീക്ഷ എഴുതിയത്.

നടന്‍ പരീക്ഷയില്‍ വിജയിച്ചത് അറിയിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് മന്ത്രി വി ശിവന്‍കുട്ടി. തന്റെ അറുപത്തിയെട്ടാം വയസിലാണ് മലയാളി താരം ഏഴാം ക്ലാസ് പരീക്ഷ എഴുതി വിജയിച്ചത് എന്ന പ്രത്യേകതയുമുണ്ട്.

ഇന്ദ്രന്‍സിന് അഭിനന്ദനങ്ങളുമായി മന്ത്രി മാത്രമല്ല ആരാധകരും എത്തുന്നുണ്ട്. ഇനി പത്താംക്ലാസ് തുല്യത നേടുക എന്നതാണ് ഇന്ദ്രന്‍സിന്റെ ലക്ഷ്യം. ഏഴാം ക്ലാസ് ജയിച്ചാലേ പത്തില്‍ പഠിക്കാനാവൂ എന്ന സാക്ഷരതാമിഷന്റെ ചട്ടപ്രകാരമാണ് താരം അടുത്തിടെ പരീക്ഷ എഴുതിയത്.

നവകേരള സദസിന്റെ ചടങ്ങില്‍ പങ്കെടുക്കവേയാണ് തുടര്‍പഠനത്തിന് ഇന്ദ്രന്‍സ് താത്പര്യം അറിയിച്ചതും പത്താം ക്ലാസിലേക്കുള്ള അപേക്ഷ കൈമാറിയതും. നാലാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ എന്നാണ് ഓര്‍മയെന്ന് ഇന്ദ്രന്‍സ് പറഞ്ഞിരുന്നെങ്കിലും ഏഴ് വരെ സ്‌കൂളില്‍ പോയിട്ടുണ്ട് എന്ന വിവരം സാക്ഷരതാമിഷന്‍ കണ്ടെത്തിയിരുന്നു.

ഇപ്പോള്‍ പരീക്ഷ വിജയിച്ചിരിക്കുകയാണ് ഇന്ദ്രന്‍സ്. അതേസമയം, ഇന്ന് റിലീസ് ചെയ്ത 'ആനന്ദ് ശ്രീബാല' ആണ് ഇന്ദ്രന്‍സിന്റെ ഏറ്റവും പുതിയ ചിത്രം