മാസപ്പടികേസില്‍ അന്വേഷണം വേഗത്തിലാക്കി ഇഡി

മാസപ്പടികേസില്‍ അന്വേഷണം വേഗത്തിലാക്കി ഇഡി

കൊച്ചി: മാസപ്പടിക്കേസില്‍ അന്വേഷണം വേഗത്തിലാക്കിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്.

ഇതിനൊപ്പം കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആർഎല്‍) എംഡി ശശിധരൻ കർത്തെയും ചോദ്യംചെയ്തേക്കും.

ആദ്യപടിയായി സിഎംആർഎല്ലില്‍ ഫിനാൻസ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനോട് നാളെ ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാവാൻ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് ഉദ്യോഗസ്ഥരെയും ഉടൻ വിളിപ്പിക്കും. ഇല്ലാത്ത സേവനത്തിന് പണം നല്‍കിയെന്ന് ഇവരില്‍ ചിലർ ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷന് നേരത്തേ മൊഴിനല്‍കിയിരുന്നു. ഇതിനെത്തുടർന്നാണ് കൂടുതല്‍ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാൻ ഒരുങ്ങുന്നത്. മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും അന്വേഷിക്കുന്നുണ്ട്.

സിഎംആർഎല്‍ ഇല്ലാത്ത സേവനത്തിന് പിണറായി വിജയന്റെ മകള്‍ വീണവിജയനും അവരുടെ സോഫ്റ്റ്‌വെയർ സ്ഥാപനമായ എക്സാലോജിക്കിനും ഒരു കോടി 72 ലക്ഷം രൂപ നല്‍കിയെന്നായിരുന്നു ആദായ നികുതി സെറ്റില്‍മെന്റ് ബോർഡിന്റെ കണ്ടെത്തല്‍. ഇതിനൊപ്പം ലോണ്‍ എന്ന നിലയിലും വീണയ്ക്ക് പണം നല്‍കിയിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

കേസില്‍ വീണ വിജയൻ, എക്സാലോജിക്ക് കമ്ബനി, പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസി എന്നിവരാണ് അന്വേഷണ പരിധിയില്‍ ഉള്ളത്. ഇല്ലാത്ത സേവനത്തിന് പണം വാങ്ങിയത് കള്ളപ്പണം വെളുപ്പിക്കലിന്റെ പരിധിയില്‍ വരുമെന്നാണ് ഇഡിയുടെ കണക്കുകൂട്ടല്‍. ചോദ്യംചെയ്യലിന് മുന്നോടിയായി എതിർകക്ഷികളില്‍ നിന്ന് രേഖകള്‍ ആവശ്യപ്പെട്ടേക്കും.