കെഎസ്‌ഐഡിസിക്കെതിരായ എസ്‌എഫ്‌ഐഒ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കെഎസ്‌ഐഡിസിക്കെതിരായ എസ്‌എഫ്‌ഐഒ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

സിഎംആര്‍എല്‍ - എക്‌സാലോജിക് കരാറില്‍ സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനെതിരെ (കെഎസ്‌ഐഡിസി) അന്വേഷണം തുടരാമെന്ന് എസ്‌എഫ്‌ഐഒയോട് ഹൈക്കോടതി.

ഒന്നും മറച്ചുവയ്ക്കാന്‍ ശ്രമിക്കരുതെന്ന് കെഎസ്‌ഐഡിസിയോട് ഹൈക്കോടതി നിര്‍ദേശിച്ചു.

അന്വേഷണവുമായി സഹകരിക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി അന്വേഷണവുമായി സഹകരിക്കുമ്ബോഴാണ് വിശ്വാസ്യത കൂടുന്നതെന്നും പരാമര്‍ശിച്ചു. അന്വേഷണം വിശ്വാസ്യതയെ ബാധിക്കുമെന്ന് കെഎസ്‌ഐഡിസി ആവര്‍ത്തിച്ചു. എക്‌സാലോജിക്കുമായി കരാറില്‍ ഏര്‍പ്പെട്ട സിഎംആര്‍എല്‍ തീരുമാനത്തില്‍ പങ്കില്ലെന്നും കെഎസ്‌ഐഡിസി കോടതിയെ അറിയിച്ചു.

എക്സാലോജിക് കമ്ബനിക്കെതിരെ ഉയർന്ന മാസപ്പടി ആരോപണവുമായി ബന്ധപ്പെട്ട് എസ്‌എഫ്‌ഐഒ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് കെഎസ്‌ഐഡിസി ചെയ്യേണ്ടിയിരുന്നതെന്ന് കഴിഞ്ഞ മാസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കെഎസ്‌ഐഡിസി നോമിനിക്ക് സിഎംആർഎല്‍ കമ്ബനിയില്‍ നടന്നത് അറിയില്ലെന്ന് പറയുന്നത് യുക്തിക്ക് നിരക്കാത്തതാണെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു.

സിഎംആർഎല്ലിലെ കെഎസ്‌ഐഡിസി ഓഹരി പങ്കാളിത്തത്തിലൂടെ കേരള സർക്കാർ സിഎംആർ ല്ലിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങളെ ബോധപൂർവം സഹായിക്കുന്നുവെന്ന ജനപക്ഷം നേതാവ് ഷോണ്‍ ജോർജിന്റെ പരാതിയില്‍ ഡിസംബർ 21ന് കമ്ബനീസ് രജിസ്ട്രാർ വിശദീകരണം തേടി നോട്ടീസ് നല്‍കിയിരുന്നു. സിഎംആർഎല്‍ കമ്ബനിയില്‍ ഓഹരി പങ്കാളിത്തമുണ്ടെങ്കിലും ദൈനംദിന കാര്യങ്ങളില്‍ ഇടപെടലില്ലെന്ന് വ്യക്തമാക്കി ജനുവരി മൂന്നിന് മറുപടി നല്‍കി. 134 കോടിയുടെ ഇടപാടില്‍ ബന്ധമില്ലെന്നും വ്യക്തമാക്കി.

എന്നാല്‍, നോട്ടീസ് നല്‍കിയില്ലെന്ന റിപ്പോർട്ടാണ് കേന്ദ്രത്തിന് കമ്ബനി രജിസ്ട്രാർ നല്‍കിയിരിക്കുന്നത്.