ഭാരതാംബ വിവാദത്തില്‍ പോരിനുറച്ച് ഗവര്‍ണര്‍ : മുഖ്യമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: ഭാരതാംബ വിവാദത്തില്‍ പോരിനുറച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ കത്തയച്ചു. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ചത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും ഭരണഘടനയുടെ തലവനെ മന്ത്രി അപമാനിച്ചുവെന്നും കത്തില്‍ ഗവര്‍ണര്‍ ആരോപിച്ചു. വിഷയം ക്രമസമാധാന പ്രശ്നത്തിലേക്ക് നയിച്ചതിനാലാണ് കത്ത് അയക്കുന്നതെന്നും ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാണിച്ചു.
ജൂണ്‍ 19-ന് രാജ്ഭവനില്‍ സംഘടിപ്പിച്ച ‘ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്’ രാജ്യപുരസ്‌കാരദാന വേദിയില്‍നിന്നാണ് അധ്യക്ഷത വഹിക്കേണ്ട വിദ്യാഭ്യാസമന്ത്രി ഇറങ്ങിപ്പോയത്. പൊതുവിദ്യാഭ്യാസ വകുപ്പും രാജ്ഭവനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ഗവര്‍ണറായിരുന്നു മുഖ്യാതിഥി. മുന്‍കൂട്ടി തയ്യാറാക്കിയ നോട്ടീസില്‍ ഭാരതാംബയ്ക്കുമുന്നില്‍ വിളക്ക് കൊളുത്തലോ പുഷ്പാര്‍ച്ചനയോ ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു. അവാര്‍ഡിനര്‍ഹരായ കുട്ടികളെ അഭിനന്ദിച്ചശേഷം, ഗവര്‍ണറുടെ തരംതാണ നടപടിയില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോവുകയാണെന്ന് ശിവന്‍കുട്ടി പ്രഖ്യാപിക്കുകയായിരുന്നു.
ജൂണ്‍ അഞ്ചാം തീയതി രാജ്ഭവനില്‍ നടന്ന പരിസ്ഥിതി ദിനാഘോഷത്തില്‍നിന്ന് കൃഷിമന്ത്രി പി. പ്രസാദ് പിന്മാറിയതാണ് ഭാരതാംബ ചിത്ര വിവാദത്തിന് തിരികൊളുത്തിയത്. സര്‍ക്കാരിന്റെ പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നിര്‍ബന്ധമാക്കിയ ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു കൃഷിമന്ത്രി ചടങ്ങ് ബഹിഷ്‌കരിച്ചത്.