വിഎസിന്റെ സംസ്‌കാരം ബുധനാഴ്ച്ച

ആലപ്പുഴ: മുതിർന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദന്റെ സംസ്കാരം മറ്റന്നാൾ ഉച്ചയ്ക്ക് ശേഷം ആലപ്പുഴ പുന്നപ്രയിലെ വലിയ ചുടുകാട്ടിൽ നടത്തും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഇക്കാര്യം അറിയിച്ചത്.
വി.എസ്. അച്യുതാനന്ദൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്ക് രാജ്യത്തും സംസ്ഥാനത്തും അതുല്യമായ സംഭാവനകൾ നൽകിയ നേതാവാണെന്ന് എം.വി. ഗോവിന്ദൻ അനുസ്മരിച്ചു. സഖാവിന്റെ നിര്യാണത്തില്‍ പാര്‍ട്ടിയും കേരളത്തിലെയും ഇന്ത്യയിലെയും ജനങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുകയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
വി.എസിന്റെ ഭൗതികദേഹം നാളെ ഉച്ചയ്ക്ക് ശേഷം ദേശീയപാത വഴി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. പോകുന്ന വഴികളിൽ പ്രിയസഖാവിനെ ഒരുനോക്ക് കാണാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കും. രാത്രിയോടെ മൃതദേഹം ആലപ്പുഴയിലെ വീട്ടിലെത്തിക്കും. മറ്റന്നാൾ രാവിലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെച്ച ശേഷം ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്കാര ചടങ്ങുകൾ നടക്കും.