കളഞ്ഞുകിട്ടിയ 25 പവൻ സ്വർണം സുരക്ഷിതമായി ഏൽപ്പിച്ച് ശുചീകരണത്തൊഴിലാളി. മലപ്പുറം മഞ്ചേരിയിലാണ് സംഭവം. ശുചീകരണത്തൊഴിലാളിയായ പൂക്കോട്ടൂർ സ്വദേശിയായ കൃഷ്ണൻകുട്ടിയാണ് സ്വർണാഭരണങ്ങൾ തിരികെ നൽകിയത്. വഴിയിൽ നിന്ന് ലഭിച്ച 25 പവൻ സ്വർണാഭരണങ്ങൾ ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. കിഴിശേരി തൗഫീഖ് ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറി ജീവനക്കാരന്റെ കൈയിൽ നിന്നാണ് സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടത്. ആഭരണങ്ങൾ കവറിലാക്കി പാന്റ്സിന്റെ പോക്കറ്റിൽ സൂക്ഷിച്ച് സ്കൂട്ടറിൽ പോകുന്നതിനിടെ കവർ താഴെ വീഴുകയായിരുന്നു.
ജോലിക്കിടെ റോഡിൽ നിന്ന് ലഭിച്ച പൊതിയിലാണ് കൃഷ്ണൻകുട്ടി സ്വർണാഭരണങ്ങൾ കണ്ടെത്തിയത്. പൊതിയിൽ അഞ്ച് മാല, മൂന്ന് പാദസരം, മൂന്ന് കൈച്ചെയിൻ, നാല് ലോക്കറ്റ്, ഒരു മോതിരം, നാല് വള, രണ്ട് കമ്മൽ എന്നിവ ഉണ്ടായിരുന്നു. ഉടൻതന്നെ അദ്ദേഹം ഇവ നഗരസഭയുടെ ആരോഗ്യവിഭാഗം ഓഫീസിൽ ഏൽപിച്ചു.
തുടർന്ന് നഗരസഭാ അംഗങ്ങളുടെയും ജീവനക്കാരുടെയും സാന്നിധ്യത്തിൽ സ്വർണാഭരണങ്ങൾ ജ്വല്ലറി മാനേജിങ് ഡയറക്ടർ എം.കെ. അബൂബക്കറിന് കൈമാറി.