ഗ്ലോബൽ മലയാളി ഫെസ്റ്റിവലിൽ  ആൻഡ്രൂ പാപ്പച്ചന്  ലൈഫ് ടൈം കമ്മ്യൂണിറ്റി സർവീസ് അവാർഡ്: വയനാട്ടിൽ എഐ പാർക്കും ഡാറ്റാ സെന്ററും വരുന്നു

Jan 3, 2026 - 15:16
Jan 4, 2026 - 17:02
 0  134
ഗ്ലോബൽ മലയാളി ഫെസ്റ്റിവലിൽ  ആൻഡ്രൂ പാപ്പച്ചന്  ലൈഫ് ടൈം കമ്മ്യൂണിറ്റി സർവീസ് അവാർഡ്: വയനാട്ടിൽ എഐ പാർക്കും ഡാറ്റാ സെന്ററും വരുന്നു

കൊച്ചി: കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ഗ്ലോബൽ മലയാളി ഫെസ്റ്റിവലിൽ പ്രമുഖ സംഘാടകനും എഴുത്തുകാരനും  വേൾഡ് മലയാളി വോയിസ് മാനേജിങ് എഡിറ്ററുമായ അമേരിക്കൻ മലയാളി - ആൻഡ്രൂ പാപ്പച്ചന് ലൈഫ് ടൈം കമ്മ്യൂണിറ്റി സർവീസ് അവാർഡ് സമ്മാനിച്ചു. പ്രവാസി  മലയാളി സമൂഹത്തെ ഒരുമിച്ചു നിർത്തുന്നതിനായി  നൽകിയ ദീർഘകാല സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്കാരം നൽകിയത്.

ഗ്ലോബൽ മലയാളി ഫെസ്റ്റിവലിന്റെ ഭാഗമായി കൃത്രിമ ബുദ്ധി  (Artificial Intelligence) സംബന്ധിച്ച നിരവധി സെഷനുകൾ നടന്നു . ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ വയനാട് എ.ഐ പാർക്കും ഡാറ്റ സെന്ററും സ്ഥാപിക്കുന്നതിനുള്ള ഒരു പ്രധാന പദ്ധതിക്ക് തുടക്കം കുറിക്കാൻ ഫെസ്റ്റിവൽ തീരുമാനിച്ചു. പദ്ധതിയുടെ വിശദമായ റിപ്പോർട്ട് ഐഐടി ബോംബെ തയ്യാറാക്കി ജനുവരി അവസാനം കേരള സർക്കാരിന് സമർപ്പിക്കും.

ഫെഡറേഷൻ മാനേജിംഗ് ഡയറക്ടർ അബ്ദുള്ള മഞ്ചേരി ഈ പദ്ധതിയുടെ ചുമതല വഹിക്കും. ഇന്ത്യൻ കമ്പനീസ് ആക്ട് സെക്ഷൻ 3 പ്രകാരം രജിസ്റ്റർ ചെയ്ത കമ്പനിയാണ്  മലയാളി ഫെസ്റ്റിവൽ ഫെഡറേഷൻ. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന രണ്ടും മൂന്നും തലമുറയിൽപ്പെട്ട മലയാളികളെ കേരളവുമായി ബന്ധിപ്പിക്കുകയും, അവരുടെ അറിവും അനുഭവസമ്പത്തും വിഭവങ്ങളും സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തുകയുമാണ് മലയാളി ഫെസ്റ്റിവൽ ഫെഡറേഷന്റെ പ്രധാന ലക്ഷ്യം.