വളർത്തുപല്ലിയുടെ കടിയേറ്റ് 52കാരൻ മരിച്ചു

വളർത്തുപല്ലിയുടെ കടിയേറ്റ്  52കാരൻ മരിച്ചു

കൊളറാഡോ: വളർത്തു പല്ലി കടിച്ച 52കാരന് ദാരുണാന്ത്യം. യുഎസിലെ കൊളറാഡോ സ്വദേശി ക്രിസ്റ്റഫർ വാർഡാണ് മരിച്ചത്.

ഇയാള്‍ക്ക് ഗില മോണ്‍സ്റ്റേഴ്സ് വിഭാഗത്തില്‍പ്പെട്ട രണ്ട് വളർത്തുപല്ലികള്‍ ഉണ്ടായിരുന്നു. 

കടിയേറ്റതിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സ തേടിയ അദ്ദേഹം നാല് ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹൃദയത്തിന്റെയും കരളിന്റേയും പ്രവർത്തനങ്ങളെ പല്ലിയുടെ വിഷം ബാധിച്ചുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. നാല് മിനിറ്റോളം പല്ലി കടിച്ചതായും ശേഷം അബോധാവസ്ഥയിലായ ക്രിസ്റ്റഫറിനെ രണ്ട് മണിക്കൂർ കഴിഞ്ഞാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അധികൃതർ അറിയിച്ചു. ആശുപത്രിയിലെത്താൻ വൈകിയതിനാല്‍ ക്രിസ്റ്റഫറിന്റെ നില ഗുരുതരമായിരുന്നു.

കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ യുഎസില്‍ ആദ്യമായാണ് ഗില മോണ്‍സ്റ്റർ കടിച്ചതിനെ തുടർന്ന് ഒരാളുടെ ജീവൻ നഷ്ടപ്പെടുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ക്രിസ്റ്റഫറിന്റെ മരണത്തിന് ശേഷം രണ്ട് വളർത്തുപല്ലികളെയും അദ്ദേഹത്തിന്റെ സുഹൃത്ത് അനിമല്‍ കണ്‍ട്രോള്‍ ഓഫീസില്‍ ഏല്‍പ്പിച്ചു.

കൊളറാഡോയിലെ നിയമമനുസരിച്ച്‌ ഗില മോണ്‍സ്റ്ററിനെ കൈവശം വയ്‌ക്കണമെങ്കില്‍ പെർമിറ്റ് ആവശ്യമാണ്. എന്നാല്‍ ക്രിസ്റ്റഫർ പെർമിറ്റ് വാങ്ങിയിരുന്നില്ലെന്നും കൊളറാഡോ പാർക്ക്സ് ആൻഡ് വൈല്‍ഡ് ലൈഫ് വക്താവ് അറിയിച്ചു.