അബൂദബിയില്‍ ഡ്രൈവറില്ലാ പറക്കും ടാക്‌സികൾ യാഥാർഥ്യമാകുന്നു

അബൂദബി: പറക്കും ടാക്‌സികളുടെ കാര്യക്ഷമതയും പ്രവര്‍ത്തന ശേഷിയും വിലയിരുത്തുകയെന്ന ലക്ഷ്യത്തോടെ അബൂദബിയില്‍ ഡ്രൈവറില്ലാ പറക്കും ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ നടത്തി.
ഇതിന്റെ 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യം അബൂദബി ഇന്‍വെസ്റ്റ്‌മെന്റ് ഓഫിസ് (ADIO) പുറത്തുവിട്ടു. അബൂദബി ക്രൂസ് ടെര്‍മിനലിന്റെ ഹെലിപാഡില്‍ നിന്ന് ഡ്രൈവറില്ലാ ഇലക്‌ട്രിക് പറക്കും ടാക്‌സി പറന്നുയരുന്നതും അബൂദബി മറീനയ്ക്ക് മുകളിലൂടെ സഞ്ചരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
സ്മാര്‍ട് ആന്‍ഡ് ഓട്ടോണമസ് സിസ്റ്റംസ് കൗണ്‍സില്‍, എ.ഡി.ഐ.ഒ എന്നിവയുടെ പിന്തുണയോടെയും ചൈനീസ് ടെക്‌നോളജി കമ്ബനിയായ ഇഹാങ്, മള്‍ട്ടി ലെവല്‍ ഗ്രൂപ്പ് എന്നിവയുടെ സഹകരണത്തോടെയുമാണ് പരീക്ഷണ പറക്കല്‍ നടത്തിയത്.
യാത്രകളെ കൂടുതല്‍ വേഗമേറിയതും കാര്യക്ഷമവുമാക്കുകയാണ് പ്രധാന ലക്ഷ്യം. പൂർണ്ണമായും ഇലക്‌ട്രിക് ഡ്രൈവറില്ലാ വെർട്ടിക്കല്‍ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ് വിമാനങ്ങളായ ഓട്ടോണമസ് ഫ്ലൈയിംഗ് ടാക്സികളാണ് അബുദാബി അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന വിജയകരമായ പരീക്ഷണ പറക്കലോടെ ഈ എയർ ടാക്സികള്‍ ഉടൻതന്നെ യാഥാർത്ഥ്യമാകുമെന്ന വാർത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഉഷ്ണ കാലാവസ്ഥയില്‍ വ്യോമ മേഖലാ ഏകോപനം, റൂട്ട് പ്ലാനിംഗ്, വെര്‍ട്ടിപോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെ നിര്‍ണായക സാങ്കേതിക കാര്യങ്ങള്‍ കൃത്യമായി ഉപയോഗിക്കുന്നതില്‍ പരീക്ഷണം വിജയിച്ചുവെന്നാണ് എ.ഡി.ഐ.ഒ വിലയിരുത്തല്‍.
ഇപ്പോള്‍ പരീക്ഷണം നടത്തിയ പറക്കും ടാക്‌സി ഇഹാങിന്റെ ഇഎച്ച്216എസ് ലോകത്തിലെ ആദ്യ സര്‍ട്ടിഫൈഡ്, പൈലറ്റ് രഹിത 2 സീറ്റര്‍ ഇവിടോള്‍ വിമാനമായാണ് അറിയപ്പെടുന്നത്. 16 പ്രൊപ്പല്ലറുകള്‍ ഘടിപ്പിച്ച എട്ട് ഉപകരണങ്ങളാണ് ഇഎച്ച്216എസിലുള്ളത്. ഓരോ പ്രൊപ്പല്ലറും 32 സ്വതന്ത്ര ഇലക്‌ട്രിക് മോട്ടോറുകളുള്ള ഒരു ഡ്യുവല്‍മോട്ടോര്‍ സംവിധാനമാണ് ഉപയോഗിക്കുന്നത്. ചൈനീസ് സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന പറക്കും ടാക്‌സി കുറഞ്ഞ ശബ്ദത്തോടെയും റണ്‍വേ ഇല്ലാതെയുമാണ് പ്രവര്‍ത്തിക്കുന്നത്.