സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം:കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർക്ക് സസ്പെൻഷൻ; കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം
തിരൂരങ്ങാടി ചെറുമുക്കിൽ സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് പതിമൂന്നുകാരൻ ജുനൈദ് മരിച്ച സംഭവത്തിൽ കെഎസ്ഇബി വെണ്ണിയൂർ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സൂപ്പർവൈസറി വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കുറ്റക്കാരായ മറ്റ് ജീവനക്കാർക്കെതിരെയും കർശന അച്ചടക്ക നടപടി ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മരിച്ച കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാനും മന്ത്രി സണ്ണി ജോസഫ് കെഎസ്ഇബിക്ക് നിർദേശം നൽകി.
സംഭവത്തിൽ ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതതാണ് സ്റ്റേ വയർ പറിഞ്ഞുപോകാൻ കാരണമെന്ന് കാണിച്ച് അസിസ്റ്റന്റ് എഞ്ചിനീയർ താനൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പാടത്ത് കളിക്കുന്നതിനിടെയാണ് ജുനൈദിന് ദാരുണാന്ത്യം സംഭവിച്ചത്. അപകടത്തിന് കാരണം ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തുവന്നിരുന്നു. തുടർന്ന് കെഎസ്ഇബി മാപ്പ് പറയുകയും മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാന വ്യാപകമായി വൈദ്യുതി ലൈനുകളും അനുബന്ധ സംവിധാനങ്ങളും അടിയന്തരമായി പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സുരക്ഷാ പരിശോധനാ ഡ്രൈവിന്റെ ഭാഗമായി അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ പ്രത്യേക സുരക്ഷാ ഓഡിറ്റ് നടത്താനും നിർദ്ദേശമുണ്ട്