നടിയെ ആക്രമിച്ച കേസ്; വിചാരണ ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക നല്‍കിയ ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിചാരണക്കോടതി ജഡ്ജിക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്ന അതിജീവിതയുടെ അഭിഭാഷകയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. വിചാരണക്കോടതി ജഡ്ജി ഹണി എം. വര്‍ഗീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷക ടി.ബി മിനി ഹൈക്കോടതിയെ സമീപിച്ചത്.
മിനി കേസില്‍ കാര്യമായി ഹാജരായില്ലെന്നും പത്ത് ദിവസത്തില്‍ താഴെ മാത്രമേ കോടതിയിലെത്തിയുള്ളൂ എന്നും ഹാജരായ ദിവസങ്ങളില്‍ കോടതി മുറിയില്‍ ഇരുന്ന് ഉറങ്ങിയെന്ന് ജഡ്ജി തുറന്ന കോടതിയില്‍ പരാമര്‍ശിച്ചെന്നും ഇത് കോടതിയലക്ഷ്യമാണെന്നുമായിരുന്നു മിനിയുടെ വാദം. വിചാരണ വേളയില്‍ 200 ദിവസത്തിലധികം താന്‍ ഹാജരായിരുന്നുവെന്ന് മിനി പറയുന്നു.
ജഡ്ജിയുടെ പരാമര്‍ശം തനിക്ക് അപമാനകരമാണെന്നും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ നീക്കണമെന്നുമാവശ്യപ്പെട്ടാണ് മിനി കോടതിയെ സമീപിച്ചത്. ജുഡീഷ്യല്‍ രേഖയുടെ ഭാഗമല്ലാത്ത ജഡ്ജിയുടെ പരാമര്‍ശങ്ങള്‍ എങ്ങനെ ഇല്ലാതാക്കുമെന്ന് കോടതി മുമ്പ് വാക്കാല്‍ ചോദിച്ചിരുന്നു. ജസ്റ്റീസ് പി.വി കുഞ്ഞികൃഷ്ണനാണ് ഹര്‍ജി തള്ളിയത്.