ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തിന് പിന്നാലെ ഫെഫ്കയിൽ നിന്ന് രാജിവെച്ച് ഭാഗ്യലക്ഷ്മി
കൊച്ചി: കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടൻ ദിലീപിനെ ഫെഫ്കയിൽ തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഡംബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷമി സംഘടനയിൽ നിന്ന് രാജിവെച്ചു. ഫെഫ്കയുടെ നിയമാവലിക്ക് വിരുദ്ധമാണ് ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കമെന്ന് ഭാഗ്യലക്ഷമി ആരോപിച്ചു.
ഫെഫ്കയ്‌ക്കെതിരെ രൂക്ഷ വിമർശനവും ഭാഗ്യലക്ഷമി ഉന്നയിച്ചു. ഇനി ഒരു സംഘടനയിലും അംഗമാകാൻ താനില്ലെന്നും നടിയെ അക്രമിച്ച കേസിൽ അന്തിമ വിധി വന്ന രീതിയിലാണ് സംഘടനയിലെ ചിലരുടെ മനോഭാവമെന്നും ഭാഗ്യലക്ഷമി പ്രതികരിച്ചു. അതീജീവിതയുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ പോലും സംഘടനയുടെ തലപ്പുത്തുള്ളവർക്ക് മനസ്സിലാകില്ലെന്നും ഭാഗ്യലക്ഷമി ആരോപിച്ചു.
നടിയെ ക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയ നടൻ ദിലീപിന്റെ അംഗത്വം സംബന്ധിച്ചുള്ള തുടർനടപടികൾ ഡയറക്ടേഴ്‌സ് യൂണിയനോട് ആലോചിക്കാൻ ആവശ്യപ്പെടുമെന്ന് നേരത്തെ ഫെഫ്കജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പ്രതികരിച്ചിരുന്നു.
"ട്രേഡ് യൂണിയൻ എന്ന നിലയിൽ കുറ്റാരോപിതനായ പശ്ചാത്തലത്തിൽ ദിലീപിനെ അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഇന്ന് വിധിയിലൂടെ അദ്ദേഹം കുറ്റവിമുക്തനായി മാറിയിരിക്കുകയാണ്. ആ സാഹചര്യത്തിൽ തീർച്ചയായും അദ്ദേഹത്തിന്റെ അംഗത്വത്തെ സംബന്ധിച്ച തുടർനടപടികൾ എന്തായിരിക്കണമെന്ന് ഡയറക്ടേഴ്‌സ് യൂണിയനോട് ആലോചിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതിൽ ഡയറക്ടേഴ്‌സ് യൂണിയൻ തീരുമാനമെടുക്കും"- ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.