കുസാറ്റ് ദുരന്തം: മരിച്ച വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞു ,മന്ത്രിമാര്‍ സ്ഥലത്തേക്ക് തിരിച്ചു

കുസാറ്റ് ദുരന്തം: മരിച്ച വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞു  ,മന്ത്രിമാര്‍ സ്ഥലത്തേക്ക് തിരിച്ചു

കൊച്ചി: കളമശ്ശേരി കുസാറ്റ് ക്യാമ്ബസില്‍ ടെക് ഫെസ്റ്റിന് ഇടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാല് വിദ്യാര്‍ഥികള്‍ മരിച്ചതില്‍ മന്ത്രിമാര്‍ യോഗം ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിലാണ് മന്ത്രിമാരുടെ അടിയന്തരയോഗം ചേര്‍ന്നത്.

ദുഃഖ സൂചകമായി ഞായറാഴ്ച നവകേരള സദസ്സോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളും കലാപരിപാടികളും ഒഴിവാക്കി.

വ്യവസായ മന്ത്രി പി. രാജീവിനെയും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവിനെയും കളമശ്ശേരിയിലേക്ക് നിയോഗിച്ചു. ഇവര്‍ സ്ഥലത്തെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. 

എറണാകുളം കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്ബി (രണ്ടാം വര്‍ഷ സിവില്‍ എൻജിനീയറിങ്), നോര്‍ത്ത് പറവൂര്‍ സ്വദേശി ആൻ ഡ്രിറ്റ (രണ്ടാം വര്‍ഷ ഇലക്‌ട്രോണിക്സ്), കോഴിക്കോട് താമരശ്ശേരി സ്വദേശി സാറ തോമസ് (രണ്ടാം വര്‍ഷ എൻജിനീയറിങ്), ജിതേന്ദ്ര ദാമു എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്. നാലുപേരെയും മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. 72 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

വിവിധ ആശുപത്രികളിലായാണ് പരിക്കേറ്റവര്‍ ചികിത്സയിലുള്ളത്. നാലു വിദ്യാര്‍ഥിനികളുടെ നില ഗുരുതരമാണ്. ഇവരില്‍ രണ്ടു പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലും രണ്ടു പേര്‍ ആസ്റ്റര്‍ മെഡിസിറ്റിയിലുമാണ് ചികിത്സയിലുള്ളത്.