കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി സിറോ മലബാര്‍ സഭ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു

കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി സിറോ മലബാര്‍ സഭ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സിറോ മലബാര്‍ സഭയുടെ അധ്യക്ഷ പദവി ഒഴിഞ്ഞു. സിറോ മലബാര്‍ സഭ ആസ്‌ഥാനമായ കാക്കനാട്ടെ സെന്റ് തോമസ് മൗണ്ടില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സ്ഥാനം ഒഴിയുന്നതായി ആലഞ്ചേരി അറിയിച്ചത്.

മുൻകൂട്ടി തയാറാക്കിയ പ്രസ് റിലീസ് മാധ്യമങ്ങള്‍ക്കു മുന്നില്‍ വായിക്കുകയായിരുന്നു.

മാര്‍പ്പാപ്പയുടെ അനുമതിയോടെ പദവിയൊഴിയുന്നതായി കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അറിയിച്ചു. മാര്‍ ജോര്‍ജ് ആലഞ്ചേരി ഇനി മുതല്‍ 'മേജര്‍ ആര്‍ച്ച്‌ ബിഷപ് എമരിറ്റസ്' എന്ന് അറിയപ്പെടും. തൃശൂര്‍ ആര്‍ച്ച്‌ ബിഷപ്പ് കൂടിയായ മാര്‍ ആൻഡ്രൂസ് താഴത്ത്, എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ പദവിയും ഒഴിഞ്ഞു.

പുതിയ മേജര്‍ ആര്‍ച്ച്‌ ബിഷപ്പിനെ കണ്ടെത്തുന്നതുവരെ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യൻ വാണിയപ്പുരക്കല്‍ സിറോ മലബാര്‍ സഭയുടെ അഡ്മിനിസ്ട്രേറ്റര്‍ ചുമതല വഹിക്കും. നേരത്തെ തന്നെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥാനമൊഴിയുന്നുവെന്ന് മാര്‍ ആല‍ഞ്ചേരി അറിയിച്ചിരുന്നു. എന്നാല്‍, ഇതില്‍ മാര്‍പ്പാപ്പ സിനഡിന്റെ അഭിപ്രായം തേടിയിരുന്നെങ്കിലും തീരുമാനം അംഗീകരിച്ചിരുന്നില്ല.

തുടര്‍ന്ന് 2022 നവംബറില്‍ മാര്‍പ്പാപ്പക്ക് വീണ്ടും രാജിക്കത്ത് അയക്കുകയായിരുന്നു. ഇതിലാണ് ഇപ്പോള്‍ മാര്‍പ്പാപ്പ അനുകൂല തീരുമാനമെടുത്തതെന്ന് മാര്‍ ആല‍ഞ്ചേരി അറിയിച്ചു