ജന നായകന് നിത്യ നിദ്ര: ഉമ്മന്‍ ചാണ്ടി ഇനി ദീപ്ത സ്മരണ

ജന നായകന് നിത്യ നിദ്ര: ഉമ്മന്‍ ചാണ്ടി ഇനി ദീപ്ത സ്മരണ

പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയ പള്ളിയിലെ പ്രത്യേകം ക്രമീകരിച്ച കല്ലറയില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അന്ത്യ  വിശ്രമം. വ്യാഴാഴ്ച്ച രാത്രി  12 മണിയോടെ മൃതദേഹം സംസ്‌കരിച്ചു.

കുടുംബത്തിന്റെ പ്രത്യേക ആവശ്യപ്രകാരം സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികള്‍ ഒഴിവാക്കിയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. 

സംസ്‌കാരചടങ്ങുകള്‍ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ  മുഖ്യകാര്‍മികത്വം വഹിച്ചു . സീറോ മലബാർ സഭയുടെ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ളവര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയിരുന്നു.

വിലാപയാത്രയിലുടനീളം  കുടുംബാംഗങ്ങൾക്കൊപ്പം കൂടെയുണ്ടായിരുന്നു  വി.ഡി സതീശനും രമേശ് ചെന്നിത്തലയുമടക്കം  സന്തതസഹചാരികളായ പാര്‍ട്ടി പ്രവര്‍ത്തകരും.   വഴിക്കിരുവശവും സ്‌നേഹാദരങ്ങളര്‍പ്പിച്ച്‌ നിന്ന ലക്ഷോപലക്ഷം ആളുകള്‍ക്ക് മുന്നില്‍ തൊഴുകൈകളോടെ നിന്നു മകൻ ചാണ്ടി ഉമ്മൻ.

ഉമ്മൻചാണ്ടി പുതുപ്പള്ളിയിലുള്ളപ്പോള്‍ ആളുകളുടെ പരാതികള്‍ കേട്ടിരുന്നയിടമാണ് കരോട്ടുവള്ളക്കാലില്‍ വീട്.  ആരുടെയും പരാതികള്‍ കേള്‍ക്കാതെ വിടുന്ന പതിവ് ഉമ്മൻ ചാണ്ടിക്കില്ല.എന്നാലിത്തവണ അതുണ്ടായില്ല എന്ന് മാത്രം. കരോട്ടുവീട്ടില്‍ തന്നെ കാണാനെത്തിയവര്‍ക്ക് മുന്നില്‍  കുഞ്ഞൂഞ്ഞ് നിശ്ചലനായി കിടന്നു.  കരോട്ടു വീട്ടിലെയും പണി പൂർത്തിയാക്കാത്ത  സ്വന്തം വീട്ടിലെയും പ്രാര്‍ഥനകള്‍ കഴിഞ്ഞ ശേഷമാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം പള്ളിയിലേക്കെടുത്തത്. പള്ളിയിലും പതിനായിരങ്ങള്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.  

വഴിയിലെങ്ങും തിങ്ങിനിറഞ്ഞ ജനസാഗരത്തെ സാക്ഷിയാക്കി നിശ്ചയിച്ചിരുന്ന സമയക്രമങ്ങളെല്ലാം തെറ്റിച്ചായിരുന്നു ഇന്നലെ തിരുവനന്തപുരം മുതല്‍ ഇന്ന് വൈകുന്നേരം പുതുപ്പള്ളി വരെ ഉമ്മൻ ചാണ്ടിയുടെ യാത്ര.