കനേഡിയൻ പൗരൻമാര്‍ക്ക് ഇ-വിസ സര്‍വീസ് പുനരാരംഭിച്ച്‌ ഇന്ത്യ

കനേഡിയൻ പൗരൻമാര്‍ക്ക് ഇ-വിസ സര്‍വീസ് പുനരാരംഭിച്ച്‌ ഇന്ത്യ

ന്യൂഡല്‍ഹി:  കനേഡിയൻ പൗരൻമാര്‍ക്കുള്ള ഇ-വിസ സര്‍വീസ് പുനരാരംഭിച്ച്‌ കേന്ദ്ര സര്‍ക്കാര്‍.

ഖലിസ്ഥാനി ഭീകരൻ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ വധിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യ - കാനഡ നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴുകയും തുടര്‍ന്ന് വിസ അനുവദിക്കുന്നത് ഇന്ത്യ നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ 21നായിരുന്നു അനിശ്ചിത കാലത്തേക്കുള്ള നിര്‍ത്തിവയ്ക്കല്‍ നടപടി പ്രാബല്യത്തില്‍ വന്നത്.

ടൂറിസ്റ്റ് വിസ, ബിസിനസ്, മെഡിക്കല്‍ വിസ ഉള്‍പ്പെടെയുള്ള  സൗകര്യങ്ങള്‍ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചിട്ടുണ്ട്. കനേഡിയൻ പൗരത്വമുള്ള നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കനേഡിയൻ ആരോപണത്തിന് പിന്നാലെയായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും പൗരൻമാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

ഇന്ത്യൻ ഏജൻസികളുടെ അറിവോടെയാണ് നിജ്ജാറിന്റെ കൊലപാതകം എന്നാണ് കാനഡ ആരോപിച്ചത്. എന്നാല്‍ തങ്ങള്‍ക്ക് അതില്‍ ഒരു പങ്കും ഇല്ലെന്ന് ഇന്ത്യ ആവര്‍ത്തിച്ച്‌ നിഷേധിച്ചു. അടിസ്ഥാനരഹിതമായ ആരോപണമാണ് കാനഡയുടെ ഭാഗത്ത് നിന്നുള്ളതെന്നും ആരോപിക്കുന്ന കാര്യങ്ങള്‍ക്ക് തെളിവ് ഹാജരാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്നുെവങ്കില്‍ അതുമായി സഹകരിക്കാൻ ബുദ്ധിമുട്ടില്ലെന്നും എന്നാല്‍ തെളിവില്ലാത്ത ആരോപണങ്ങള്‍ അംഗീകരിക്കാൻ കഴിയില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന തങ്ങളുടെ ആരോപണം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനയോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്