കേരളം ഇനി തുറമുഖ നഗരം; വിവിധ പദ്ധതികൾക്കായി വകയിരുത്തിയത് 600 കോടി രൂപ
കേരളത്തെ തുറമുഖ നഗരമായി പ്രഖ്യാപിച്ച് മാരിടൈം പോളിസി രൂപീകരിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ. സംസ്ഥാനത്തെ തുറമുഖങ്ങളും ഉൾനാടൻ ജലഗതാഗത സംവിധാനങ്ങളും ബന്ധിപ്പിച്ചുള്ള 400 കോടിരൂപ വകയിരുത്തിയ 'മിഷൻ സമുദ്ര' പദ്ധതിയാണ് മുഖ്യമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ 600 കിലോമീറ്റർ തീരദേശം, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, ഒരു കണ്ടൈനർ ട്രാൻസ്ഷിപ്‌മെൻ്റ് ടെർമിനൽ, 17 നോൺ മേജർ തുറമുഖങ്ങൾ മറ്റനേകം ജലസ്രോതസ്സുകൾ തുടങ്ങിയ സാധ്യതകൾ സംയോജിപ്പിച്ച് അഞ്ചുവർഷത്തിനുള്ളിൽ കേരളത്തെ ലോക മാരിടൈം ഭൂപടത്തിൽ വൻശക്തിയായി ഉയർത്തുന്നതിനുള്ള പദ്ധതി നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയത്.
പോർട്ട് സിറ്റിയായി വിഭാവനം ചെയ്‌ത റോഡ്, സമുദ്രം, റെയിൽ, ഉൾനാടൻ ജലപാതകൾ, നിർമ്മാണ മേഖലകൾ, ഗ്രീൻഫീൽഡ് സിറ്റി, എന്നിവയെല്ലാം ബന്ധിപ്പിച്ചുകൊണ്ടുള്ള സമ്പദ് വ്യവസ്ഥയിലേക്ക് കേരളത്തെ മാറ്റും. വിഴിഞ്ഞം ട്രാൻസ്ഷിപ്മെൻ്റ് ടെർമിനലിനെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനും ഗതാഗത ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി ബാലരാമപുരം വിഴിഞ്ഞം ഭൂഗർഭ റയിൽ, വിഴിഞ്ഞം- നാവായിക്കുളം ഔട്ടർ റിംഗ് റോഡ് എന്നീ പദ്ധതികൾക്കായുള്ള സ്ഥലമേറ്റെടുക്കലും അടിയന്തരമായി നടപ്പിലാക്കും.