ഇന്ത്യ തേടുന്ന കൊടും ഭീകരൻ മൗലാന മസൂദ് അസ്ഹറിനെ അജ്ഞാതര്‍ കൊലപ്പെടുത്തിയതായി അഭ്യൂഹം

ഇന്ത്യ തേടുന്ന കൊടും ഭീകരൻ മൗലാന മസൂദ് അസ്ഹറിനെ അജ്ഞാതര്‍ കൊലപ്പെടുത്തിയതായി അഭ്യൂഹം

ന്യൂഡല്‍ഹി: ആഗോള ഭീകരനും , ജയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ തലവനുമായ മൗലാന മസൂദ് അസ്ഹര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.5 മണിയോടെ ഭവല്‍പൂര്‍ മസ്ജിദിന് മുന്നില്‍ ഇയാളുടെ കാറിന്റെ സമീപം ബോംബ് പൊട്ടിത്തെറിച്ചതായും ആ സമയത്ത് അവിടെയുണ്ടായിരുന്ന മൗലാന മസൂദ് അസ്ഹര്‍ കൊല്ലപ്പെട്ടതായുമാണ് സീ ന്യൂസ് അടക്കമുള്ള മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് . മസൂദ് അസ്ഹറിന്റെ കാറില്‍ അജ്ഞാതരായ അക്രമികള്‍ ബോംബ് വച്ചതാണെന്നാണ് സൂചന .മസ്ജ്ദില്‍ പതിവ് പ്രാര്‍ത്ഥനയ്‌ക്കെത്തിയതായിരുന്നു മസൂദ് .

1968 ജൂലൈ 10ന് പാകിസ്താനിലെ പഞ്ചാബിലെ ബഹവല്‍പൂരിലാണ് അസ്ഹര്‍ ജനിച്ചത്. 1999 ഡിസംബറില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനമായ ഐസി 814 കാഠ്മണ്ഡുവില്‍ നിന്ന്‌ ഡല്‍ഹിയിലേക്കുള്ള യാത്രാമദ്ധ്യേ തീവ്രവാദികള്‍ റാഞ്ചിയപ്പോഴാണ് ഇന്ത്യന്‍ ജയിലില്‍ കഴിഞ്ഞിരുന്ന മൗലാന മസൂദ് അസ്ഹര്‍ എന്ന ഭീകരവാദിയെ ലോകമറിയുന്നത്. 189 യാത്രക്കാരുമായി റാഞ്ചപ്പെട്ട വിമാനത്തെ ലഹോര്‍ വിമാനത്താവളത്തിലേക്ക് കൊണ്ടുപോവാനാണ് തീവ്രവാദികള്‍ ആവശ്യപ്പെട്ടതെങ്കിലും പാകിസ്താനിലെ ലഹോര്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് കാണ്ഡഹാര്‍ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.

സംഭവത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ ഒരു അനുരഞ്ജന ശ്രമങ്ങള്‍ക്കും വഴങ്ങാതിരുന്ന തീവ്രവാദികള്‍ക്ക് വഴങ്ങി കൊടും ഭീകരന്‍ മൗലാന മസൂദ് അസ്ഹറിനെ വിട്ടു നല്‍കാന്‍ ഇന്ത്യ നിര്‍ബന്ധിതരായി. അന്നാണ് പാക് തീവ്രവാദികള്‍ മൗലാന മസൂദ് അസ്ഹറിന് നല്‍കുന്ന വില ലോകം മനസിലാക്കുന്നത്.

പഠാന്‍കോട്ട് ആക്രമണത്തിന് ശേഷമാണ് പിന്നീട് ആ പേര് ഇത്രയും ഉയര്‍ന്ന് കേള്‍ക്കുന്നത്. മോചിപ്പിക്കപ്പെട്ടതിന് ശേഷമാണ് മസൂദ് അസ്ഹര്‍ പഠാന്‍കോട്ട് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജെയ്ഷെ മുഹമ്മദ് എന്ന തീവ്രവാദി സംഘടനക്ക് രൂപം കൊടുക്കുന്നതും ഇന്ത്യക്കെതിരെ നിരവധി ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതും. പാര്‍ലമെന്റ് ആക്രമണക്കേസിലും ഇന്ത്യ തേടുന്ന പ്രതിയാണ് മസൂദ് .