മാസപ്പടി കേസ്: പിണറായി വിജയനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഡി.ജി.പിക്ക് ഇ.ഡിയുടെ കത്ത്

Sep 8, 2026 - 07:36
 0  3
മാസപ്പടി കേസ്: പിണറായി വിജയനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഡി.ജി.പിക്ക് ഇ.ഡിയുടെ കത്ത്

എറണാകുളം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ, മകൾ വീണ തൈക്കണ്ടിയിൽ, മരുമകനും എംഎൽഎയുമായ പി എ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) നിർദേശം. ഇതുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ സഹിതം സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി കത്ത് നൽകി. സിഎംആർഎൽ എംഡിയും ജീവനക്കാരും ഉൾപ്പെടെ 13 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് ആവശ്യം.

കള്ളപ്പണ നിരോധന നിയമത്തിലെ (പിഎംഎൽഎ) 66(2) വകുപ്പ് പ്രകാരമാണ് ഇഡി ഡിജിപിക്ക് റിപ്പോർട്ട് കൈമാറിയത്. അന്വേഷണത്തിനിടയിൽ മറ്റ് നിയമങ്ങളുടെ ലംഘനമോ അഴിമതിയോ ശ്രദ്ധയിൽപ്പെട്ടാൽ സംസ്ഥാന ഏജൻസികളെ അറിയിച്ച് തുടർനടപടി ആവശ്യപ്പെടാൻ കേന്ദ്ര ഏജൻസികൾക്ക് അധികാരം നൽകുന്ന വകുപ്പാണിത്.

കരിമണൽ കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിൽ (സിഎംആർഎൽ) നിന്ന് യാതൊരു സേവനങ്ങളും നൽകാതെ വീണയുടെ ഐടി കമ്പനിയായ എക്സാലോജിക്കിന് വലിയ തുക ലഭിച്ചെന്ന കണ്ടെത്തലാണ് കേസിന് ആധാരം. സാമ്പത്തികമായി പിന്നാക്കം പോയ കമ്പനി എന്തിനാണ് ഇത്രയും തുക നൽകിയതെന്നതിൽ ഇഡി വിശദമായ അന്വേഷണം നടത്തിയിരുന്നു.

വീണയുടെ അക്കൗണ്ടിലെത്തിയ പണത്തിൻ്റെ വഴി പരിശോധിച്ചപ്പോഴാണ് യഥാർഥ ഗുണഭോക്താക്കൾ പിണറായി വിജയനും മുഹമ്മദ് റിയാസുമാണെന്ന് കണ്ടെത്തിയത്. 10 വർഷം മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ് പിണറായി വിജയനെതിരെ ഈ ആരോപണം ഉയർന്നത്. മകൾ മുഖേന 3.28 കോടി രൂപ പിണറായി വിജയൻ കൈക്കൂലിയായി വാങ്ങിയെന്നും മുഹമ്മദ് റിയാസ് ഈ പണം ഭാര്യയിലൂടെയും സുഹൃത്തുക്കളിലൂടെയും ദുബായിലേക്ക് കടത്തിയെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. അഴിമതിപ്പണം കൈമാറാനുള്ള കോർപ്പറേറ്റ് വാഹനമായി എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിനെ ഉപയോഗിച്ചു.

സിഎംആർഎല്ലിൻ്റെ മുൻ സിഎഫ്ഒ പി സുരേഷ് കുമാർ നൽകിയ മൊഴിയാണ് ഇതിൽ നിർണായകമായത്. കൈക്കൂലി നൽകാൻ സഹായം ചെയ്ത സുരേഷ് കുമാർ, സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ് എൻ ശശിധരൻ കർത്താ എന്നിവരുടെ പേരുകളും റിപ്പോർട്ടിലുണ്ട്. ഡിജിപിക്ക് നൽകിയ റിപ്പോർട്ടിലെ ഒന്നാമത്തെ പേരുകാരൻ പിണറായി വിജയനാണ്. വീണ വിദേശത്തേക്ക് പണം കടത്തിയെന്നും 20 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ഇഡി നേരത്തെ വ്യക്തമാക്കിയിരുന്നു.