36,000 അടി ഉയരത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ; വിമാനം തിരിച്ചിറക്കി

Sep 7, 2026 - 13:25
 0  4
36,000 അടി ഉയരത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ; വിമാനം തിരിച്ചിറക്കി

കൊച്ചി: കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ബോയിംഗ് 737 വിമാനം (വിമാന നമ്പർ IX 415) തിരിച്ചിറക്കി. ഒന്നാം നമ്പർ എഞ്ചിനിലെ ഓയിലിന്റെ അളവ് വേഗത്തിൽ കുറയുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിമാനം യാത്രാമധ്യേ തിരിച്ചിറക്കുകയായിരുന്നു. ഓയിൽ പ്രഷർ അപകടകരമായ 'റെഡ് സോണിലേക്ക്' താഴ്ന്നതിന് പിന്നാലെ പൈലറ്റുമാർ എഞ്ചിൻ പൂർണ്ണമായും ഓഫാക്കുകയായിരുന്നു.

ടേക്ക് ഓഫ് ചെയ്ത് ഏകദേശം 50 മിനിറ്റിന് ശേഷം 36,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് ഒന്നാം നമ്പർ എഞ്ചിനിലെ ഓയിലിന്റെ അളവ് വേഗത്തിൽ താഴുന്നത് പൈലറ്റിന്റെയും കോ-പൈലറ്റിന്റെയും ശ്രദ്ധയിൽപ്പെട്ടത്. ഓയിലിന്റെ അളവ് തുടർച്ചയായി കുറഞ്ഞുകൊണ്ടിരുന്നതിനാൽ അബുദാബിയിലേക്കുള്ള യാത്ര ഉപപേക്ഷിച്ച് കൊച്ചിയിലേക്ക് തന്നെ മടങ്ങാൻ ഇവർ തീരുമാനിക്കുകയായിരുന്നു. തുടർന്ന് വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. സ്ഥിതിഗതികൾ എത്രത്തോളം ഗുരുതരമായിരുന്നുവെന്ന് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ അറിഞ്ഞിരുന്നില്ല.