കേരളം ചുട്ടുപൊള്ളുന്നു: 12 ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗം തുടരുന്ന സാഹചര്യത്തിൽ ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ താപനില സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. പാലക്കാട് ജില്ലയിൽ താപനില 40 °C വരെയും കൊല്ലത്ത് 39 °C വരെയും ഉയർന്നേക്കാം. കോട്ടയത്ത് 38 °C വരെയും ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം തുടങ്ങി ഭൂരിഭാഗം ജില്ലകളിലും 37 °C വരെയും ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. ഉയർന്ന താപനിലയോടൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും വർദ്ധിക്കുന്നത് ശാരീരിക അസ്വസ്ഥതകൾക്കും കഠിനമായ ചൂട് അനുഭവപ്പെടാനും കാരണമാകും.
കടുത്ത ചൂടിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 19 വരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. മലയോര മേഖലകളൊഴികെ മറ്റിടങ്ങളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥ തുടരും. നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. സൂര്യാഘാതം, നിർജ്ജലീകരണം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഉച്ചസമയങ്ങളിൽ വെയിലത്ത് ജോലി ചെയ്യുന്നത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു