മണ്ഡല പുനർനിർണ്ണയം ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ആയുധം; കേന്ദ്രത്തിനെതിരെ ജോൺ ബ്രിട്ടാസ്

Apr 18, 2026 - 03:27
 0  5
മണ്ഡല പുനർനിർണ്ണയം ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ആയുധം; കേന്ദ്രത്തിനെതിരെ ജോൺ ബ്രിട്ടാസ്

കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണ്ണയ നീക്കങ്ങൾ ഇന്ത്യയുടെ ഫെഡറൽ ഘടനയെ തകർക്കാനും ജനാധിപത്യത്തെ അട്ടിമറിക്കാനുമുള്ള തന്ത്രമാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം.പി. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് സർക്കാർ നടത്തുന്ന പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം തന്റെ എക്സ് പോസ്റ്റിലൂടെ തുറന്നടിച്ചു.

സ്ത്രീശാക്തീകരണത്തിൽ സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ മണ്ഡല പുനർനിർണ്ണയത്തിനായി കാത്തുനിൽക്കാതെ, നിലവിലെ സീറ്റുകളുടെ അടിസ്ഥാനത്തിൽ തന്നെ 33 ശതമാനം സംവരണം ഉടൻ നടപ്പിലാക്കണം. ഇതിനായി ഭേദഗതി കൊണ്ടുവന്നാൽ പ്രതിപക്ഷം പൂർണ്ണ പിന്തുണ നൽകും അദ്ദേഹം വ്യക്തമാക്കി. മണ്ഡല പുനർനിർണ്ണയം നടക്കുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നഷ്ടപ്പെടില്ലെന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പറയുന്നതിൽ വ്യക്തതയില്ല.

ഇത് ഉറപ്പാക്കാനുള്ള വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ല. ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543-ൽ നിന്ന് 850 ആയി ഉയർത്താനാണ് നീക്കം. ജമ്മു കശ്മീരിലും അസമിലും ചെയ്തതുപോലെ മണ്ഡലങ്ങളിൽ അട്ടിമറി നടത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പുകൾക്കിടയിൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്തത് പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു.