ഹോർമുസ് കടലിടുക്ക് പൂർണമായും തുറക്കില്ല, യുറേനിയം കൈമാറില്ല; ട്രംപിന്റെ പ്രസ്താവന തള്ളി ഇറാൻ

Apr 18, 2026 - 03:33
 0  7
ഹോർമുസ് കടലിടുക്ക് പൂർണമായും തുറക്കില്ല, യുറേനിയം കൈമാറില്ല; ട്രംപിന്റെ പ്രസ്താവന തള്ളി   ഇറാൻ

ടെഹ്റാൻ: സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറാൻ ഇറാൻ സമ്മതിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന തള്ളി ഇറാൻ രംഗത്ത്. ട്രംപിന്റെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇത്തരം ഒരു നീക്കത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലും ഇല്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിലാണ്, ഇറാനിലെ ഭൂഗർഭ കേന്ദ്രങ്ങളിലുള്ള സമ്പുഷ്ട യുറേനിയം അമേരിക്കയ്ക്ക് വിട്ടുനൽകാൻ ഇറാൻ ഭരണകൂടം തയ്യാറായതായി ട്രംപ് അവകാശപ്പെട്ടത്. എന്നാൽ ഇത് തള്ളിയ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ്, ട്രംപ് ഒരു മണിക്കൂറിനുള്ളിൽ ഏഴ് നുണകളാണ് പറഞ്ഞതെന്ന് പരിഹസിച്ചു. നുണകൾ കൊണ്ട് യുദ്ധം ജയിക്കാനാവില്ലെന്നും ചർച്ചകളിൽ ഇത്തരം തന്ത്രങ്ങൾ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് പൂർണമായും തുറന്നുനൽകിയെന്ന ട്രംപിന്റെ വാദവും ഇറാൻ നിഷേധിച്ചു. ഉപരോധം തുടരുകയാണെങ്കിൽ ഹോർമുസ് കടലിടുക്ക് തുറന്നുനൽകില്ലെന്ന് ഖാലിബാഫ് മുന്നറിയിപ്പ് നൽകി. ഇറാനിയൻ തുറമുഖങ്ങൾ ലക്ഷ്യമിട്ടുള്ള ഏതൊരു നീക്കത്തിനും ശക്തമായ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമ്പുഷ്ടീകരിച്ച യുറേനിയം രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നത് ഇറാൻ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇസ്‌ലാമാബാദിൽ നടന്ന ചർച്ചകളിൽ യുറേനിയം സമ്പുഷ്ടീകരണം നിർത്തണമെന്ന അമേരിക്കയുടെ ആവശ്യം ഇറാൻ നിരസിച്ചതായാണ് വിവരം. ട്രംപ് ഭരണകൂടം 20 വർഷത്തെ നിയന്ത്രണം ആവശ്യപ്പെട്ടപ്പോൾ, 5 വർഷത്തേക്ക് മാത്രം പ്രവർത്തനങ്ങൾ മരവിപ്പിക്കാം എന്ന നിലപാടിലാണ് ഇറാൻ.