അഹമ്മദാബാദ് വിമാന അപകടം; മരിച്ചവരുടെ ഡിഎന്‍എ പരിശോധനകള്‍ പൂര്‍ത്തിയായി

Jun 28, 2025 - 19:28
 0  6
അഹമ്മദാബാദ് വിമാന അപകടം; മരിച്ചവരുടെ ഡിഎന്‍എ പരിശോധനകള്‍ പൂര്‍ത്തിയായി

ഗാന്ധിനഗര്‍ ; അഹമ്മദാബാദില്‍ എയര്‍ ഇന്ത്യാ വിമാനം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ ഡിഎന്‍എ പരിശോധനകള്‍ പൂര്‍ത്തിയായി. വിമാനം അപകടം നടന്ന് പതിനാറ് ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോഴാണ് മരിച്ചവരെ തിരിച്ചറിയാനുള്ള പരിശോധനകള്‍ പൂര്‍ത്തിയായത്. 260 പേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.അതേ സമയം ഗുജറാത്തിലെ ഭുജില്‍ നിന്നുള്ള യാത്രക്കാരനെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഡിഎന്‍എ പരിശോധനയില്‍ 260 മൃതദേഹങ്ങളില്‍ 241 പേര്‍ വിമാനത്തിലെ യാത്രക്കാരാണ്. യാത്രക്കാരല്ലാത്ത 19 പേരുടെയും വിവരങ്ങളും ലഭിച്ചു. വിമാന ദുരന്തത്തില്‍ 270 പേര്‍ മരിച്ചെന്നാണ് ഇതുവരെയുള്ള സ്ഥിരീകരണം. അപകടത്തില്‍ ഒരാള്‍ രക്ഷപ്പെട്ടിരുന്നു.വിമാന യാത്രികരുടെ പട്ടികയില്‍ ഉണ്ടായിരുന്ന ഭുജ് ദഹിന്‍സര്‍ സ്വദേശി അനില്‍ ലാല്‍ജി ഖിമാനിയുടെ മൃതദേഹമാണ് ഇതുവരെ തിരിച്ചറിയാന്‍ കഴിയാതിരുന്നത്. ബോര്‍ഡിങ് ലിസ്റ്റില്‍ അദ്ദേഹത്തിന്റെ പേരുണ്ടെങ്കിലും ഡിഎന്‍എ പരിശോധനയില്‍ സാംപിളുകള്‍ മാച്ച് ചെയ്തില്ല. ഇദ്ദേഹത്തിന്റെതാണ് എന്ന് സംശയിക്കുന്ന മൃതദേഹ ഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്.