നാട് കയറി കാട്ടു മൃഗങ്ങൾ, ഭീതിയോടെ ജനം

നാട് കയറി  കാട്ടു മൃഗങ്ങൾ, ഭീതിയോടെ ജനം

നാട് വിറപ്പിച്ചെത്തുന്ന കാട്ടാനക്കൂട്ടങ്ങളും കടുവകളും കാട്ടുപന്നിയടക്കം മറ്റ് മൃഗങ്ങളും മനുഷ്യനെയും മണ്ണിനെയും കൃഷിയെയും വളർത്തു മൃഗങ്ങളെയും ആക്രമിക്കുമ്പോൾ നിസഹായരാകുകയാണ് ജനം. കേരളമിന്ന് വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണിയിലാണ്  .കടുവയുടെ ആക്രമണത്തിൽ വയനാട്  പുതുശേരി പള്ളിപ്പുറത്ത് തോമസ് മരിച്ചത് അടുത്ത ദിവസമാണ് .

മലയോര പ്രദേശങ്ങളിൽ മാത്രമല്ല, വനത്തിൽ നിന്ന് ഏറെ ദൂരത്ത് സ്ഥിതി   ചെയ്യുന്ന മേഖലകളിൽ പോലും കടുവ, പുലി, കാട്ടുപന്നി തുടങ്ങിയ വന്യജീവികളെത്തി ഭീതി വിതക്കുകയും മനുഷ്യരെയും വളർത്തുമൃഗങ്ങളെയും ആക്രമിക്കുകയും പതിവായിരിക്കുന്നു.  ആനയും കടുവയും പുലിയുമെല്ലാം വനമേഖലക്ക് ഉൾക്കൊള്ളാനാകുന്നതിലും അപ്പുറത്തേക്ക് എണ്ണത്തിൽ വർധിക്കുന്നതാണ് ഇവ നാട്ടിലിറങ്ങുന്നതിന് ഒരു കാരണം. വനത്തിൽ തീറ്റ കുറഞ്ഞതും ഇവയെ ജനവാസ കേന്ദ്രങ്ങളിലെ കൃഷിയിടങ്ങളിലേക്ക് ആകർഷിക്കുന്നു.

മതിയായ ചികിത്സാ  സൗകര്യങ്ങളുടെ കുറവും യാത്രാ  സൗകര്യങ്ങളില്ലാത്തതും   അപകടത്തിൽ പെടുന്നവരുടെ ജീവൻ നഷ്ടപ്പെടുത്താൻ ഇടയാക്കുന്നു, വയനാട്  പുതുശേരിയിൽ കടുവയുടെ ആക്രമണത്തിനിരയായ   തോമസിന്റെ കാര്യത്തിൽ മതിയായ ചികിത്സ കിട്ടിയില്ലെന്ന് കുടുംബം പരാതിപ്പെടുന്നു

മലയോര ജനതയാകെ കാട്ടുമൃഗങ്ങളെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് . കാട്ടാന, കാട്ടുപന്നി,  പുലി, കാട്ടുപോത്ത്, മാന്‍, കുരങ്ങ്, കരടി തുടങ്ങി കാട്ട് മൃഗങ്ങള്‍  കൂട്ടത്തോടെ വന്നു മനുഷ്യനെ ആക്രമിക്കുന്നതിനൊപ്പം നെല്ല്, വാഴ , കപ്പ,ചേന,ഇഞ്ചി,മഞ്ഞള്‍  തുടങ്ങി  കോടികളുടെ കൃഷികളാണ്  നശിപ്പിക്കുന്നത്. കാട്ടുമൃഗങ്ങള്‍ക്കെതിരേ  സൗരോര്‍ജ വേലി, കമ്പിവേലി, കിടങ്ങുകള്‍ തുടങ്ങി പല പ്രതിരോധ സംവിധാനങ്ങളും സ്ഥാപിക്കാറുണ്ടെങ്കിലും അവയൊന്നും ഫലവത്താകുന്നില്ല. കിടങ്ങുകള്‍ ഇടിച്ചു നിരത്തി കാട്ടാനക്കൂട്ടങ്ങള്‍ കൃഷിയിടങ്ങളിലെത്തുന്നു.

മലയോര മേഖലകളിൽ മാത്രമല്ല വനവുമായി ബന്ധമില്ലാതെ കിടക്കുന്ന  മറ്റു വിദൂര ഗ്രാമങ്ങളിലേയ്ക്കും കാട്ടുമൃഗങ്ങളുടെ ശല്യം വ്യാപിച്ചതോടെ  കര്‍ഷകരില്‍ പലരും കൃഷി ഉപേക്ഷിക്കുകയാണ്.  


വന്യമൃഗങ്ങള്‍ നാടിന്റെ സമ്പത്താണ് , അവ  സംരക്ഷിക്കപ്പെടേണ്ടതുമാണ്  . എന്നാൽ  വന്യജീവി സംരക്ഷണ നിയമം മനുഷ്യ ജീവിതം ദുഃസഹമാക്കാന്‍ ഇടയാക്കരുത്. കാട്ടുമൃഗങ്ങളോട് കാണിക്കുന്ന സഹാനുഭൂതിയെങ്കിലും ഉത്തരവാദപ്പെട്ടവർ സാധാരണ മനുഷ്യരോട് കാണിക്കുന്നില്ല എന്ന പരാതികൾ ഏറെ ഉയരുന്ന സമയമാണിത് . കടം വാങ്ങിയും ലോണെടുത്തും ചെയ്യുന്ന കൃഷിതോട്ടങ്ങളിലൂടെ  മൃഗങ്ങളുടെ സ്വൈര വിഹാരം തുടരുമ്പോൾ വേദനിച്ച്  കൃഷി ഉപേക്ഷിക്കുന്ന കര്‍ഷകരുടെ വേദന അധികാരികൾ കണ്ടില്ലെന്ന് നടിക്കുകയാണ് .പണ്ട് പൊന്നു വിളയിച്ച മണ്ണിൽ  ഇന്ന് അധ്വാനിച്ചുണ്ടാക്കുന്നതൊക്കെയും  കാട്ടാനകളും മറ്റു വന്യമൃഗങ്ങളും നശിപ്പിക്കുന്നതു കണ്ടു ഹൃദയം തകര്‍ന്നു കിട്ടുന്ന വിലയ്ക്ക് വിറ്റ് മലയിറങ്ങുകയാണു കേരളകര്‍ഷകര്‍.  

പ്രായോഗികമല്ലാത്ത നിയമങ്ങളെ കാലികമായി തിരുത്തുവാനും ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാനുമുള്ള കടമ സർക്കാരുകൾക്കുണ്ട് . 


 വ​യ​നാ​ടിന്റെ ഭൂ​പ്ര​ദേ​ശ​ത്തി​ന്റെ 38 ശ​ത​മാ​ന​വും വ​ന​മാണ് എന്നതിനാൽ  ഇവിടെ ആ​ന, ക​ടു​വ, പു​ലി, കാ​ട്ടു​പ​ന്നി, കാ​ട്ടു​പോ​ത്ത്, കു​ര​ങ്ങ് തു​ട​ങ്ങിയ ജീ​വി​ക​ളു​ടെ ശ​ല്യം ​രൂ​ക്ഷ​മാ​ണ്.
 സംരക്ഷിത വനമേഖലകളും തേയില തോട്ടങ്ങളും കൊണ്ട് സമൃദ്ധമായ മൂന്നാറിലും ഇതൊക്കെയാണ് സ്ഥിതി. ആന, കടുവ, പുലി തുടങ്ങിയവയുടെ നാടിറക്കമാണ് മൂന്നാറിലും നാട്ടുകാരുടെ ഉറക്കംകെടുത്തുന്നത്.   


കഴിഞ്ഞ മൂന്നു വർഷത്തിൽ മാത്രം സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ 57 പേർ   മരണത്തിനു കീഴടങ്ങി എന്നാണ് കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. ഓരോ വർഷം കഴിയുന്തോറും ജനവാസ കേന്ദ്രങ്ങളിലേക്കുള്ള വന്യജീവികളുടെ ഇറക്കവും ആക്രമണവും മരണനിരക്കും വർധിച്ചു വരികയാണ്  . 2022  ഓഗസ്റ്റ് വരെയുള്ള ആറ് വർഷത്തിൽ വന്യജീവി ആക്രമണത്തിൽ 735 പേർ സംസ്ഥാനത്ത് മരിച്ചതായാണ് വിവരാവകാശ രേഖ കാണിക്കുന്നത്.   2008 - 2011 കാലത്ത്  വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം സംസ്ഥാനത്ത് 1,423 വരുമെന്നാണ്  കേരള വന ഗവേഷണ കേന്ദ്രത്തിന്റെ കണക്കുകൾ  . 7,982 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

 വിവിധ പദ്ധതികൾ കാട്ടുമൃഗങ്ങളെ പ്രതിരോധിക്കാൻ സർക്കാർ നടപ്പാക്കുന്നുണ്ടെങ്കിലും ഇതിനെയെല്ലാം അതിജീവിച്ചു വന്യജീവികൾ പിന്നെയും കാടിറങ്ങുന്നത് നാട്ടിലെങ്ങും ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത് .വനത്തിലെ പ്രകൃതിദത്ത തോടുകളും നീരുറവകളും വറ്റിവരളുന്നതും  കാട്ടുതീയിൽ വനപ്രദേശങ്ങൾ കത്തി നശിച്ചതും കാട്ടിൽ നിന്ന് വെള്ളവും ഭക്ഷണവും  തേടി നാട്ടിലിറങ്ങാൻ   മൃഗങ്ങളെ  പ്രേരിപ്പിക്കുന്നു.


വയനാട്ടില്‍ കടുവകളെ കൊന്നൊടുക്കുന്നതിന് സുപ്രീം കോടതിയുടെ അനുമതി തേടുമെന്ന വനംമന്ത്രി  ശശീന്ദ്രന്റെ നിലപാടിനെ പിന്തുണച്ച്‌ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ ഉൾപ്പെടെ രംഗത്ത് വന്നിട്ടുണ്ട് .ദേശീയ ഉദ്യാനങ്ങള്‍ക്കു പുറത്ത് വന്യമൃഗങ്ങളെ വേട്ടയാടുന്നതിന് ലൈസന്‍സ് നല്‍കണമെന്ന് ഗാഡ്ഗില്‍ ആവശ്യപ്പെട്ടു .


മൃഗങ്ങളും മനുഷ്യനുമായുള്ള സംഘര്ഷങ്ങൾ പരമാവധി ഒഴിവാക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടണം. മൃഗങ്ങളെ ഇല്ലാതാക്കി മുന്നോട്ടു പോകാനാവില്ല . വന്യ  ജീവി സങ്കേതങ്ങളിലും മറ്റും മനുഷ്യന്റെ സ്വൈര വിഹാരം മൃഗങ്ങളുടെ സ്പേസ് കവർന്നെടുക്കുന്നുണ്ട് . ഇത്തരം കാര്യങ്ങളെല്ലാം പരിഗണിച്ചു പ്രകൃതിയുടെയും മനുഷ്യന്റെയും മൃഗങ്ങളുടെയും നിലനിൽപിന് ദോഷകരമല്ലാത്ത ആസൂത്രണമാണ് ഉണ്ടാവേണ്ടത് .

ഭീതി വിതയ്ക്കുന്ന മൃഗങ്ങളെ ഒഴിവാക്കുക തന്നെ വേണം, മനുഷ്യ ജീവന്  തന്നെയാവണം ഇക്കാര്യത്തിൽ മുൻഗണന നൽകേണ്ടത് എന്നതിൽ തർക്കമുണ്ടാവേണ്ടതില്ല