പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും
ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന.
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രേംകുമാറുമായി സംസാരിച്ചു. ഇക്കാര്യം കെ സി വേണുഗോപാല്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രേംകുമാറിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയേക്കുമെന്നും സൂചനയുണ്ട്. നാളെ പ്രേംകൂമാര്‍ കെപിസിസി പ്രസിഡന്റുമായും ചര്‍ച്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും നീക്കിയതോടെയാണ് പ്രേംകുമാര്‍ സംസ്ഥാന സര്‍ക്കാറുമായി ഇടയുന്നത്.
വിഷയത്തില്‍ സര്‍ക്കാറിനെതിരെ പരസ്യമായ പ്രതികരണത്തിനും പ്രേംകുമാര്‍ തയ്യാറായി .കേരളത്തില്‍ സംസ്‌കാരിക വകുപ്പിന്റെ കീഴില്‍ വേറെയും അക്കാദമികള്‍ ഉണ്ട്.
ഏതൊക്കെ അക്കാദമികളിലാണ് കാലാവധി കഴിഞ്ഞ ഉടനെ ചെയര്‍മാന്മാരെ മാറ്റിയിട്ടുള്ളതെന്നായിരുന്നു പ്രേംകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
പലയിടത്തും ഇതേ പടി തുടരുന്നു. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കിയത് സ്വാഭാവിക നടപടിയെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ കാലാവധി കഴിഞ്ഞപ്പോള്‍ മാറ്റാമായിരുന്നല്ലോ?
ചലച്ചിത്ര പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ മുഴുവന്‍ നേരിട്ട് കേട്ട ആളാണ് താന്‍. എല്ലാം പാതിവഴിയില്‍ നില്‍ക്കുമ്പോള്‍ ആണ് തന്നെ മാറ്റിയത്.
എന്ത് അടിയന്തര സാഹചര്യമായിരുന്നു അന്ന് ഉണ്ടായത്? ആശ സമരം പരിഹരിക്കാന്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് സദുദ്ദേശത്തോടെയാണ് താന്‍ പറഞ്ഞത്. അതൊരു വിമര്‍ശനമായിരുന്നില്ല.
സഹപ്രവര്‍ത്തകരില്‍ ആരോ തന്നെയാണ് ആ വിവരം മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി കൊടുത്തത്. ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ സെക്രട്ടറിയേറ്റിനു മുന്‍പില്‍ ഒരു സമരവും നടക്കാന്‍ പാടില്ലെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും പ്രേംകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.