പിന്റോ കണ്ണമ്പിള്ളി
വാഷിംഗ്ടൺ ഡി.സി.: ലോക പരിസ്ഥിതി ദിനം (ജൂൺ 5), ലോക സമുദ്ര ദിനം (ജൂൺ 8) എന്നീ ആഗോള പ്രാധാന്യമുള്ള ദിനാചരണങ്ങളുടെ ഭാഗമായി പരിസ്ഥിതി സംരക്ഷണവും സമുദ്ര സംരക്ഷണവും സംബന്ധിച്ച ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനായി വേൾഡ് മലയാളി കൗൺസിൽ (WMC) അമേരിക്ക റീജിയൻ വിപുലമായ പരിപാടികൾക്ക് തുടക്കമിടുന്നു. പുതുതലമുറയിൽ പ്രകൃതി സംരക്ഷണ ചിന്ത വളർത്തുകയും സമൂഹത്തിൽ പരിസ്ഥിതി ഉത്തരവാദിത്തം ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വിവിധ സംസ്ഥാനങ്ങളിലെയും പ്രൊവിൻസുകളിലെയും മലയാളി സമൂഹത്തെ പങ്കെടുപ്പിച്ചുകൊണ്ടാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായി “Protect Our Environment & Oceans” എന്ന വിഷയത്തെ ആസ്പദമാക്കി സൃഷ്ടിപരമായ ഒരു മത്സരവും WMC അമേരിക്ക റീജിയൻ പ്രഖ്യാപിച്ചിട്ടുണ്ട്. പങ്കെടുക്കുന്നവർക്ക് പരമാവധി രണ്ട് ഫോട്ടോകളും പരിസ്ഥിതിയെയും സമുദ്രങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള സന്ദേശമോ പുതുതലമുറയ്ക്കുള്ള ദർശനപരമായ കുറിപ്പോ സമർപ്പിക്കാവുന്നതാണ്. സന്ദേശം പരമാവധി 7 വാക്യങ്ങളിലും 200 വാക്കുകൾക്കുള്ളിലും ആയിരിക്കണം. 200 വാക്കുകൾ കവിയുന്ന എൻട്രികൾ അയോഗ്യരാക്കുമെന്ന് സംഘാടകർ അറിയിച്ചു. ഫോട്ടോകൾക്ക് 40 ശതമാനവും സന്ദേശത്തിന 60 ശതമാനവും മാർക്ക് നൽകിയാണ് വിജയികളെ തിരഞ്ഞെടുക്കുക.
മത്സരത്തിലെ ഏറ്റവും മികച്ച എൻട്രിക്ക് അടുത്ത ബിയന്നിയൽ കോൻസിൽ ബന്ധപ്പെട്ട പ്രൊവിൻസിന് പ്രത്യേക അവാർഡും സർട്ടിഫിക്കറ്റും സമ്മാനിക്കും. എൻട്രികൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 15 ആണെന്നും
[email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് എൻട്രികൾ അയക്കാമെന്നും ഭാരവാഹികൾ അറിയിച്ചു.
ഇതോടനുബന്ധിച്ച് ജൂൺ മൂന്നാം വാരത്തിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകരെയും സാമൂഹിക നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് പരിസ്ഥിതി-സമുദ്ര സംരക്ഷണ വിഷയങ്ങളിൽ പ്രത്യേക സെമിനാറും സംഘടിപ്പിക്കുമെന്ന് WMC അമേരിക്ക റീജിയൻ നേതൃത്വം അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം, പ്ലാസ്റ്റിക് മലിനീകരണം, സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണം, യുവതലമുറയുടെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്യപ്പെടും.
“ഭാവി തലമുറയ്ക്കായി ഭൂമിയെയും സമുദ്രങ്ങളെയും സംരക്ഷിക്കേണ്ടത് ഓരോ മനുഷ്യന്റെയും ഉത്തരവാദിത്വമാണ്. സാമൂഹിക സംഘടനകൾ മുന്നിട്ടിറങ്ങുമ്പോഴേ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് യഥാർത്ഥ ശക്തി ലഭിക്കൂ,” എന്ന് WMC അമേരിക്ക റീജിയൻ പ്രസിഡൻറ് പിന്റോ കണ്ണമ്പള്ളി പറഞ്ഞു.
സാമൂഹിക പ്രതിബദ്ധതയും യുവജന പങ്കാളിത്തവും മുൻനിർത്തിയുള്ള പുതിയ ദിശാബോധത്തോടെയാണ് അമേരിക്ക റീജിയൻ മുന്നോട്ട് പോകുന്നതെന്ന് നേതാക്കൾ വ്യക്തമാക്കി. പരിസ്ഥിതിയും സമുദ്രങ്ങളും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഭാവിതലമുറയുടെ നിലനിൽപ്പിനുതന്നെ അനിവാര്യമാണെന്നും അതിനായി സമൂഹം ഒന്നിച്ച് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും WMC നേതൃത്വം അഭിപ്രായപ്പെട്ടു.
WMC അമേരിക്ക റീജിയന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളായ ചെയർമാൻ ജോണി കുന്നംപുറം, പ്രസിഡൻറ് പിന്റോ കണ്ണമ്പള്ളി, ജനറൽ സെക്രട്ടറി അനീഷ് ജെയിംസ്, ട്രഷറർ നിവിൻ വിൽഫ്രഡ് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.