തീരുമാനം പുനപ്പരിശോധിക്കണം; യെമനിലേക്കുള്ള യാത്ര സുരക്ഷിതമല്ലന്ന് നിമിഷപ്രിയയുടെ അമ്മയോട് കേന്ദ്രസര്‍ക്കാര്‍

തീരുമാനം പുനപ്പരിശോധിക്കണം;  യെമനിലേക്കുള്ള യാത്ര സുരക്ഷിതമല്ലന്ന് നിമിഷപ്രിയയുടെ അമ്മയോട് കേന്ദ്രസര്‍ക്കാര്‍

ധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ മോചനത്തിനായി യെമനിലേക്ക് പോകാനുള്ള അമ്മയുടെ തീരുമാനം പുനപ്പരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍.

യെമനിലെ സാഹചര്യങ്ങള്‍ ഗുരുതരമാണെന്നും ഇന്ത്യയും യെമനും തമ്മിലുള്ള നയതന്ത്രബന്ധം സുഖകരമല്ലാത്തതിനാല്‍ സുരക്ഷ ഒരുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

'യെമനിലേക്കുള്ള യാത്രാനുമതി തേടിക്കൊണ്ടുള്ള പ്രേമകുമാരിയുടെ അപേക്ഷ സസൂഷ്മം പരിശോധിച്ചു. പ്രശ്‌നങ്ങളെ തുടര്‍ന്ന് യെമനിലെ ഇന്ത്യന്‍ എംബസി ജിബൂട്ടിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതിനാല്‍ യാത്രയ്ക്ക് സുരക്ഷയൊരുക്കാന്‍ യെമനില്‍ ഇന്ത്യക്ക് നയതന്ത്ര സാന്നിധ്യമില്ല. സനയിലെ നിലവിലെ ഭരണകൂടവുമായി ഇന്ത്യക്ക് ഔദ്യോഗിക ബന്ധമില്ല. കഴിഞ്ഞ ചില മാസങ്ങളായി മേഖലയിലെ സാഹചര്യങ്ങള്‍ കൂടുതല്‍ വെല്ലുവിളി നിറഞ്ഞിരിക്കുകയാണ്. സുരക്ഷിതമായ യാത്ര പ്രധാന വിഷയമാണ്. ഈ സാഹചര്യത്തില്‍ യാത്രയ്ക്ക് വേണ്ടിയുള്ള തീരുമാനം പുനപ്പരിശോധിക്കണം. ഈ കേസില്‍ സര്‍ക്കാര്‍ ചെയ്യാന്‍ കഴിയുന്ന എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്'- നിമിഷ പ്രിയയുടെ അമ്മയ്ക്ക് നല്‍കിയ മറുപടിയില്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.