മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന് ഒരാണ്ട്

Jul 30, 2025 - 11:01
 0  5
മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന് ഒരാണ്ട്

ചൂരല്‍മല – മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇന്നേക്ക് ഒരു വര്‍ഷം. ഹൃദയഭൂമിയില്‍ ഇന്ന് രാവിലെ 10 ന് സര്‍വ്വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നട ന്നു. ഉച്ചയ്ക്ക് നടക്കുന്ന അനുസ്മരണ യോഗത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുക്കും. പുനരധിവാസത്തിലെ വീഴ്ചകള്‍ക്കെതിരെ വ്യാപാരികള്‍ ഇന്ന് പ്രതിഷേധിക്കും. യൂത്ത് കോണ്‍ഗ്രസ് രാപ്പകല്‍ സമരം തുടരുകയാണ്. ദുരന്തത്തില്‍ 298 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്ക്. 400 ഓളം കുടുംബങ്ങളാണ് ദുരന്തത്തില്‍ ഒറ്റപ്പെട്ടത്.

വയനാട്ടില്‍ രണ്ടുദിവസം തുടര്‍ച്ചയായി പെയ്ത മഴയെത്തുടര്‍ന്ന് ജുലൈ 29ന് പുഞ്ചിരിമട്ടം, അട്ടമല, മുണ്ടക്കൈ പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ജുലൈ 30ന് പുലര്‍ച്ചെ 1.40നാണ് ഉരുള്‍പൊട്ടലുണ്ടായത്. തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പുഞ്ചിരിമട്ടം, മുണ്ടക്കൈ ഗ്രാമങ്ങള്‍ ഒലിച്ചുപോയി.

ദുരന്തത്തിന് ഒരുവർഷം പൂർത്തിയാകുമ്പോയും 400 ലധികം കുടുംബങ്ങൾ ഇപ്പോഴും താത്കാലിക കെട്ടിടങ്ങളിലാണ് താമസിക്കുന്നത്. അതിനാൽ തന്നെ ദുരന്തബാധിതരുടെ പുനരധിവാസമാണ് ചർച്ചകളിൽ ഉയരുന്നത്. ഒരു വർഷം പൂർത്തിയാകുന്ന ദിവസം പുനരധിവാസവുമായി ബന്ധപ്പെട്ട് ഒരു വീട് പോലും നിർമ്മിക്കാൻ സാധിച്ചില്ലെന്ന വിമർശനം സർക്കാരിനെതിരെ ഉയരുന്നുണ്ട്. ടൗൺഷിപ്പിൻ്റെ നിർ‌മ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിച്ചിട്ടുണ്ടെന്നും വേ​ഗത്തിൽ ഇതിൻ്റെ നിർമ്മാണം പൂർത്തീകരിക്കുമെന്നുമാണ് സർക്കാർ വാദം.