മാസപ്പടി വിവാദം: കെഎസ്‌ഐഡിസിയില്‍ എസ്എഫ്‌ഐഒ സംഘത്തിന്റെ പരിശോധന

മാസപ്പടി വിവാദം: കെഎസ്‌ഐഡിസിയില്‍ എസ്എഫ്‌ഐഒ സംഘത്തിന്റെ പരിശോധന

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരായ മാസപ്പടി കേസില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച എസ്എഫ്‌ഐഒ അന്വേഷണ സംഘം കെഎസ്‌ഐഡിസിയില്‍. തിരുവനന്തപുരത്തെ കെഎസ്‌ഐഡിസി കോര്‍പറേറ്റ് ഓഫിസിലാണ് സംഘം പരിശോധന നടത്തുന്നത്. എസ്എഫ്‌ഐഒ ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. സിഎംആര്‍എല്ലില്‍ രണ്ട് ദിവസം പരിശോധന നടത്തിയ ശേഷമാണ് തിരുവനന്തപുരത്തെ ഓഫിസിലേക്ക് ഇവരെത്തിയത്. കഴിഞ്ഞ ദിവസം സിഎംആര്‍എല്‍ കമ്പനിയുടെ ആലുവ കോര്‍പറേറ്റ് ഓഫിസിലാണ് പരിശോധന നടന്നത്.

അതേസമയം, മകള്‍ക്കെതിരായ എസ്എഫ്‌ഐഒ അന്വേഷണം മുഖ്യമന്ത്രിയെ ഉന്നമിട്ടാണെന്ന വിലിയിരുത്തലിലാണ് സിപിഎം. അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഎം സെക്രട്ടേറിയറ്റ് തീരുമാനം. ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവ് വന്നപ്പോള്‍ രണ്ട് കമ്പനികള്‍ തമ്മിലെ സുതാര്യ ഇടപാടെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മകള്‍ക്കുള്ള സിപിഎം പിന്തുണ. കരാറില്‍ ആര്‍ഒസി ഗുരുതര ക്രമക്കേട് കണ്ടെത്തി അന്വേഷണം എസ്എഫ്‌ഐഒ ഏറ്റെടുത്തപ്പോഴും മുഖ്യമന്ത്രിക്കും മകള്‍ക്കും പാര്‍ട്ടി ശക്തമായ പ്രതിരോധം തീര്‍ക്കുകയാണ്. എക്‌സാലോജിക്-സിഎംആര്‍ഇല്‍ ഇടപാടിലെ കണ്ടെത്തലുകളടക്കമുള്ള ചോദ്യങ്ങളെല്ലാം രാഷ്ട്രീയപ്രേരിതമാണെന്നാണ് സിപിഎം വാദം.