പിണറായിയുടെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍; പൂമുഖത്തെത്തി കൈപിടിച്ച് സ്വീകരിച്ച് പിണറായി

May 15, 2026 - 16:55
 0  7
പിണറായിയുടെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍; പൂമുഖത്തെത്തി കൈപിടിച്ച്  സ്വീകരിച്ച് പിണറായി

കാവല്‍ മുഖ്യമന്ത്രിയും വരും ദിവസങ്ങളില്‍ പ്രതിപക്ഷ നേതാവുമാകുന്ന പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. വീട്ടില്‍ നിന്നിറങ്ങി വന്നാണ് വിഡി സതീശനെ പിണറായി വിജയന്‍ സ്വീകരിച്ചത്. പൂമുഖത്തെത്തി വി ഡി സതീശനെ കൈപിടിച്ച് അകത്തേക്ക് ക്ഷണിച്ചു കഴിഞ്ഞ സര്‍ക്കാരിലെ മുഖ്യമന്ത്രി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമല വിജയനും മകള്‍ വീണയുമെല്ലാം നിയുക്ത മുഖ്യമന്ത്രിയെ സ്വീകരിക്കാനെത്തി.

മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഇറങ്ങിയതിന് പിന്നാലെ തിരുവനന്തപുരത്ത് വാടകവീടെടുത്ത് താമസിക്കുകയാണ് പിണറായി വിജയന്‍. ബേക്കറി ജങ്ഷനില്‍ ആര്‍ബിഐക്ക് സമീപത്തുള്ള പിണറായി വിജയന്റെ വാടക വീട്ടിലേക്കാണ് വി ഡി സതീശനെത്തിയത്. ചായസല്‍ക്കാരം നടത്തിയാണ് പിണറായിയും കുടുംബം നിയുക്ത മുഖ്യമന്ത്രിയെ സ്വീകരിച്ചത്. 

പിണറായിയെ സത്യപ്രതിജ്ഞക്കു ക്ഷണിച്ചതായി വി ഡി സതീശന്‍ അറിയിച്ചു. ഒരു സര്‍ക്കാര്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തനത്തെ പുതിയ സര്‍ക്കാര്‍ അവസാനിപ്പിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ തുടര്‍ച്ചയാണെന്നും നിയുക്ത മുഖ്യമന്ത്രി പറഞ്ഞു. വിമര്‍ശിച്ചിട്ടുളള ചില കാര്യങ്ങളില്‍ മാറ്റം വരുത്തും. പിണറായി സീനിയര്‍ നേതാവാണെന്നും ഭരണപരിചയമുള്ള ആളാണെന്നും സതീശന്‍ അഭിപ്രായപ്പെട്ടു.