വിദേശ വിദ്യാര്‍ഥികളുടെ വിസ യുഎസ് വീണ്ടും സ്വീകരിച്ചുതുടങ്ങി

Jun 25, 2025 - 08:30
 0  7
വിദേശ വിദ്യാര്‍ഥികളുടെ വിസ യുഎസ് വീണ്ടും സ്വീകരിച്ചുതുടങ്ങി
വിദേശ വിദ്യാര്‍ഥികളുടെ വിസ വീണ്ടും സ്വീകരിച്ചു തുടങ്ങിയതായി യുഎസ് ആഭ്യന്തര വകുപ്പ് ബുധനാഴ്ച അറിയിച്ചു. പുതിയ സ്‌ക്രീനിംഗ് പ്രോട്ടോക്കാളുമായി ബന്ധപ്പെട്ടാണ് താത്കാലികമായി വിസ പ്രോസസ്സ് നിറുത്തിവെച്ചത്.
പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം അപേക്ഷകര്‍ തങ്ങളുടെ  സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിക്കാൻ സര്‍ക്കാരിന് അനുമതി നല്‍കണം. യുഎസ് വിരുദ്ധ വികാരങ്ങള്‍ പ്രകടിപ്പിക്കുന്ന ഉള്ളടക്കങ്ങളും അമേരിക്കന്‍ ജനതയെയോ സ്ഥാപനങ്ങളെയോ സംസ്‌കാരത്തെയും സ്ഥാപക തത്വങ്ങളെയോ വിമര്‍ശിക്കുന്ന ഉള്ളടക്കങ്ങളും തിരിച്ചറിയാന്‍ ഉദ്യോഗസ്ഥര്‍ പോസ്റ്റുകളും സാമൂഹികമാധ്യമത്തിലെ പ്രവര്‍ത്തനങ്ങളും കർശനമായി വിലയിരുത്തും.
''സാമൂഹിക മാധ്യമങ്ങള്‍ പരിശോധിക്കുന്നതിലൂടെ നമ്മുടെ രാജ്യത്തേക്ക് വരാന്‍ ശ്രമിക്കുന്ന ഓരോ വ്യക്തിയെയും ഞങ്ങള്‍ ശരിയായി സ്‌ക്രീന്‍ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കും,'' ആഭ്യന്തര വകുപ്പ് ഒരു പ്രസ്താവനയില്‍ അറിയിച്ചു. നവീകരിച്ച ഈ നടപടിക്രമങ്ങള്‍ക്ക് തയ്യാറെടുക്കുന്നതിനായി ട്രംപ് ഭരണകൂടം കഴിഞ്ഞമാസമാണ് വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള വിസ അഭിമുഖം ഷെഡ്യൂള്‍ ചെയ്യുന്നത് നിറുത്തിവെച്ചത്. ഈ താത്കാലിക നിരോധനമാണ് ഇപ്പോള്‍ എടുത്തുമാറ്റിയിരിക്കുന്നത്. യുഎസ് കോണ്‍സുലേറ്റുകള്‍ക്ക് ഇപ്പോള്‍ പുതിയ നിയമങ്ങള്‍ പ്രകാരം അപേക്ഷകളുമായി മുന്നോട്ട് പോകാവുന്നതാണ്.