അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായി സഹകരണം അവസാനിപ്പിച്ച് ഇറാന്‍

Jul 2, 2025 - 13:25
 0  5
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായി സഹകരണം അവസാനിപ്പിച്ച് ഇറാന്‍

ടെഹ്റാന്‍: ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജന്‍സി (ഐ.എ.ഇ.എ)യുമായുള്ള സഹകരണം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതിനുള്ള നിയമത്തിന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ അന്തിമ അംഗീകാരം നല്‍കി. സഹകരണം നിര്‍ത്തിവെക്കുന്നതിന് ഇറാന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ തുടര്‍ന്നാണ് തീരുമാനം. ഭരണഘടനാപരമായ നിരീക്ഷണ സമിതിയുടെ അംഗീകാരവും ഇതിന് ലഭിച്ചിരുന്നു.

വിയന്ന ആസ്ഥാനമായുള്ള ഐഎഇഎ ദീര്‍ഘകാലമായി ഇറാന്‍ ആണവ പദ്ധതി നിരീക്ഷിച്ചു വരികയായിരുന്നു. നിയമം പാസായതിന് ശേഷം ഇറാനിലെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിനായിരുന്നു ബില്‍ നടപ്പാക്കുന്നതിന്റെ മേല്‍നോട്ടം. പെസെഷ്‌കിയാന്‍ കൗണ്‍സിലിന്റെ തലവനാണ്.

ഇറാനിലെ മതഭരണത്തിന് കീഴില്‍, കൗണ്‍സിലിന് ഉചിതമെന്ന് തോന്നുന്ന രീതിയില്‍ ബില്‍ നടപ്പാക്കാന്‍ സംവിധാനമുണ്ട്.

 അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭരണകാലത്ത് ലോകശക്തികളുമായി ഇറാന്‍ ഒപ്പുവെച്ച 2015-ലെ ആണവകരാര്‍ അനുസരിച്ച് യുറേനിയം 3.67% വരെ സമ്പുഷ്ടീകരിക്കാന്‍ ഇറാനെ അനുവദിച്ചിരുന്നു. ഇത് ഒരു ആണവനിലയത്തിന് ഇന്ധനം നല്‍കാന്‍ പര്യാപ്തമാണ്, എന്നാല്‍, ആയുധ നിര്‍മ്മാണത്തിന് ആവശ്യമായത് 90% സമ്പുഷ്ടീകരണമാണ്. ഇത് ഇറാനിലെ യുറേനിയം ശേഖരം ഗണ്യമായി കുറയ്ക്കുകയും സെന്‍ട്രിഫ്യൂജുകളുടെ ഉപയോഗം പരിമിതപ്പെടുത്തുകയും ചെയ്തു.

എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 2018-ല്‍ ആദ്യഭരണകാലത്ത് കരാറില്‍നിന്ന് പിന്മാറി. ഇറാന്‍ 60% വരെ യുറേനിയം സമ്പുഷ്ടീകരിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ആണവായുധത്തിന് തൊട്ടരികിലാണ് ഇത്. ഒന്നിലധികം ആണവ ബോംബുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായത്ര ശേഖരവും ഇറാനുണ്ട്.