ആക്‌സിയം - 4 ദൗത്യത്തിന് തുടക്കം; ചരിത്രദൗത്യത്തിലേക്ക് ശുഭാംശുവും സംഘവും

Jun 25, 2025 - 08:51
Jun 25, 2025 - 08:54
 0  7
ആക്‌സിയം - 4 ദൗത്യത്തിന് തുടക്കം; ചരിത്രദൗത്യത്തിലേക്ക്  ശുഭാംശുവും സംഘവും

ഫ്ലോറിഡ: ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആക്‌സിയം-4 ദൗത്യത്തിന് തുടക്കമായി. ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്സിയം-4 വിക്ഷേപിച്ചു. ശുഭാംശു അടക്കം നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെടുന്ന ഡ്രാഗണ്‍ ബഹിരാകാശ പേടകവുമായി സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റ് ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39-എയില്‍ നിന്ന് കുതിച്ചുയര്‍ന്നു.

https://twitter.com/i/status/1937758492410183799


നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരിയും ആക്‌സിയം സ്‌പേസിന്റെ ഹ്യൂമന്‍ സ്‌പേസ് ഫ്ലൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്‌സണാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം 4 ദൗത്യ സംഘത്തിലുള്ള മറ്റുള്ളവർ. ശുഭാംശു ശുക്ലയാണ് പൈലറ്റ്. വ്യാഴാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 4.30ന് പേടകം രാജ്യാന്തര ബഹിരാകാശനിലയത്തിലെത്തും.

രണ്ടാഴ്ച ശുഭാംശുവും സംഘവും ബഹിരാകാശ നിലയത്തിൽ വിവിധ പരീക്ഷണങ്ങളിൽ ഏർപ്പെടും. ആരോഗ്യം, ഭൗമനിരീക്ഷണം, ഭൗതികശാസ്ത്രം തുടങ്ങിയ മേഖലകളിലായി ഏകദേശം 60 ശാസ്ത്രീയ ഗവേഷണങ്ങള്‍ സംഘം നടത്തും. ബഹിരാകാശത്തു പോകുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് (ഐഎസ്എസ്) പോകുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് 39 കാരനായ ശുഭാംശു. 1984 ല്‍ ബഹിരാകാശ യാത്ര നടത്തിയ രാകേഷ് ശര്‍മയാണ് ബഹിരാകാശത്തു പോയ ആദ്യ ഇന്ത്യക്കാരന്‍.