ഗൾഫ് സർവീസ് പുനഃരാരംഭിച്ച് എയർ ഇന്ത്യയും ഇൻഡിഗോയും

മുംബൈ: പശ്ചിമേഷ്യയിലേക്കും യൂറോപ്പിലേക്കും നിർത്തിവെച്ച സർവീസുകൾ പുനഃരാരംഭിച്ച് ഇന്ത്യൻ വിമാനക്കമ്പനികളായ എയർ ഇന്ത്യയും ഇൻഡിഗോയും. ഇറാനും ഇസ്രയേലും വെടിനിർത്തൽ അംഗീകരിച്ചതോടെ സംഘർഷ സാധ്യത കുറഞ്ഞത് മുൻനിർത്തിയാണ് നടപടി. ഇന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പൂർണമായി സാധാരണ നിലയിലേക്ക് കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷയെന്ന് എയർ ഇന്ത്യ അറിയിച്ചു.
യൂറോപ്പിലേക്കുള്ള വിമാനങ്ങളും സാവധാനം സർവീസുകളിലേക്ക് പ്രവേശിച്ച് തുടങ്ങിയിട്ടുണ്ട്. അമേരിക്ക, കാനഡ പോലുള്ള രാജ്യങ്ങളിലേക്കുള്ള സർവീസുകൾ എത്രയും വേഗം തുടങ്ങാൻ നടപടിയുണ്ടാകുമെന്നും കമ്പനി എക്സിൽ കുറിച്ചു. ഗൾഫിലേക്കുള്ള സർവീസുകൾ സാധാരണ സമയക്രമത്തിലേക്ക് വരുന്നതായി ഇൻഡിഗോ വ്യക്തമാക്കി.
അതേസമയം, വിമാനസർവീസുകൾ വഴിതിരിച്ചുവിടുന്നത് തുടരുന്നുണ്ട്. ഇറാൻ വ്യോമമേഖലയിലെ യാത്രാനിരോധനം ഇപ്പോഴും തുടരുകയാണ്. ഇത് യാത്രാസമയം കൂടാൻ കാരണമാകുന്നുവെന്നും ഇൻഡിഗോ അറിയിച്ചു.
ചൊവ്വാഴ്ച കേരളത്തിൽ നിന്നും തിരിച്ചുമുള്ള 57 സർവീസുകളാണ് റദ്ദാക്കിയത്. കോഴിക്കോട്ട് നിന്ന് ഗൾഫ് മേഖലയിലേക്കും തിരിച്ചുമുള്ള 31 സർവീസുകൾ റദ്ദാക്കിയപ്പോൾ കൊച്ചിയിൽ നിന്ന് 18-ഉം കണ്ണൂരിൽ നിന്ന് എട്ടും റദ്ദാക്കി. എന്നാൽ തിരുവനന്തപുരത്ത് ചൊവ്വാഴ്ച റദ്ദാക്കലുകളൊന്നുമുണ്ടായില്ല. വിമാനങ്ങൾ മുടങ്ങിയതോടെ വിമാനത്താവളങ്ങളിൽ യാത്രക്കാർ കുടുങ്ങിയിരുന്നു. മുന്നറിയിപ്പില്ലാത്തതിനാൽ പലരും നട്ടം തിരിഞ്ഞു. എന്നാൽ സർവീസുകൾ റദ്ദാക്കുന്ന വിവരം യാത്രക്കാരെ മുൻകൂട്ടി അറിയിച്ചതായി എയർലൈൻ അധികൃതർ പറഞ്ഞു. ടിക്കറ്റുകൾ മറ്റൊരു ദിവസത്തേക്ക് മാറ്റി നൽകുകയോ റീഫണ്ട് ചെയ്യുകയോ ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.
യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടും മുൻപ് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.