ടണൽ രക്ഷാദൗത്യം ഏറെ നീണ്ടേക്കും ; ഡ്രില്ലിംഗ് പുനരാരംഭിക്കുക യന്ത്ര ഭാഗങ്ങള്‍ മുറിച്ചു നീക്കിയ ശേഷം

ടണൽ രക്ഷാദൗത്യം ഏറെ നീണ്ടേക്കും  ; ഡ്രില്ലിംഗ് പുനരാരംഭിക്കുക യന്ത്ര ഭാഗങ്ങള്‍  മുറിച്ചു നീക്കിയ ശേഷം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ഉത്തരകാശിയില്‍ നിര്‍മാണത്തിലുള്ള സില്‍ക്യാര ടണലില്‍ 41 തൊഴിലാളികള്‍ കുടുങ്ങിയിട്ട്  പതിനഞ്ച് ദിവസമാകുമ്ബോഴും രക്ഷാദൗത്യത്തിനിടെയുള്ള പ്രതിസന്ധികള്‍ ആശങ്ക ഉയര്‍ത്തുകയാണ്.  തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം പ്രയാസമേറിയതെന്ന് കേന്ദ്ര ദുരന്തനിവാരണ സേന വ്യക്തമാക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിന് സ്ഥാപിച്ച പൈപ്പില്‍ തുരക്കുന്ന യന്ത്രം കുടുങ്ങിയതോടെ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള നീക്കം പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്.

രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകാൻ കരുതിയതിലുമേറെ സമയമെടുക്കുമെന്നാണ് നിഗമനം. തുരങ്കകവാടത്തില്‍ വീണ അവശിഷ്ടങ്ങള്‍ തുരന്നുള്ള രക്ഷാപ്രവര്‍ത്തനം യന്ത്രത്തിന് തകരാര്‍ സംഭവിച്ചതോടെ നിലച്ചിരിക്കുകയാണ്. അവശേഷിക്കുന്ന ഭാഗം യന്ത്രസഹായമില്ലാതെ തുരന്നോ, അല്ലെങ്കില്‍ മുകളില്‍ നിന്ന് താഴേക്ക് തുരന്നോ രക്ഷാപ്രവര്‍ത്തനം തുടരാനാണ് നീക്കം.

കഴിഞ്ഞ രണ്ടുദിവസമായി രക്ഷാപ്രവര്‍ത്തനം ഒട്ടും മുന്നോട്ടുപോയിട്ടില്ല. അവശിഷ്ടങ്ങള്‍ക്കിടയിലൂടെ തുരന്ന് 60 മീറ്റര്‍ നീളത്തില്‍ വ്യാസമേറിയ പൈപ്പ് സ്ഥാപിച്ച്‌ അതിലൂടെ തൊഴിലാളികളെ പുറത്തെത്തിക്കാനായിരുന്നു പദ്ധതി. 48 മീറ്ററോളം തുരന്ന് പൈപ്പ് സ്ഥാപിച്ചെങ്കിലും അവസാനഘട്ടം അതീവ ദുഷ്കരമായി. തുരക്കുന്ന ഓഗര്‍ മെഷീന്‍റെ ബ്ലേഡുകള്‍ ഇന്നലെ അവശിഷ്ടങ്ങളില്‍ കുടുങ്ങി പൊട്ടിയതോടെ തുടര്‍പ്രവര്‍ത്തനം നിര്‍ത്തി. ഓഗര്‍ മെഷീൻ ഉപയോഗിച്ച്‌ ഇനി തുരക്കാനാവാത്ത സാഹചര്യമാണ്.

12 മീറ്ററോളം ഭാഗമാണ് ഇനി തുരക്കാൻ അവശേഷിക്കുന്നത്. യന്ത്രസഹായമില്ലാതെ ഇത്രയും ഭാഗം നേരിട്ട് തുരക്കുന്നത് ഏറെ അപകടം നിറഞ്ഞതാണെന്നും വിചാരിക്കുന്നതിലുമേറെ സമയമെടുക്കുമെന്നും ദുരന്തനിവാരണ സേന പറയുന്നു. തുരങ്കത്തില്‍ കമ്ബിയും കോണ്‍ക്രീറ്റ് സ്ലാബുകളും ഉള്‍പ്പെടെ അവശിഷ്ടങ്ങള്‍ നിറഞ്ഞുകിടക്കുകയാണ് .