നരഭോജി കടുവ ബത്തേരിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക്

നരഭോജി കടുവ ബത്തേരിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക്

ല്‍പ്പറ്റ : വയനാട് വാകേരിയില്‍ കെണിയിലകപ്പെട്ട നരഭോജി കടുവയെ സുല്‍ത്താന്‍ ബത്തേരി കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഇന്ന് ഉച്ചയോടെയാണ് വാകേരി കൂടല്ലൂരില്‍ സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്. ഉച്ചയ്ക്കുശേഷം 2.30 മുതല്‍ നാട്ടുകാര്‍ നടത്തിയ പ്രതിഷേധത്തെതുടര്‍ന്ന് കടുവയെ ഇതുവരെ അവിടെ നിന്ന് കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നില്ല. മാനന്തവാടി സബ് കളക്ടര്‍ ഉള്‍പ്പെടെ എത്തി നടത്തിയ ചര്‍ച്ചക്കൊടുവില്‍ രാത്രി എട്ടുമണിയോടെയാണ് കടുവയെയും വഹിച്ചുള്ള വനംവകുപ്പിന്റെ കോണ്‍വോയ് കുപ്പാടിയിലേക്ക് പുറപ്പെട്ടത്.

കടുവയെ വെടിവച്ചുകൊല്ലണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. കടുവയെ കാട്ടിലേക്ക് തുറന്നുവിടില്ലെന്നും ചികിത്സക്കുശേഷം മൃഗശാലയിലേക്ക് മാറ്റുന്നത് ഉള്‍പ്പെടെ പരിഗണിക്കുമെന്ന അധികൃതരുടെ ഉറപ്പിനെതുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

കടുവയെ സുല്‍ത്താന്‍ ബത്തേരി കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തില്‍ എത്തിച്ച ശേഷം ആരോഗ്യപരിശോധന നടത്തും. കടുവയുടെ മുഖത്തും മറ്റിടങ്ങളിലും വലിയ രീതിയിലുള്ള പരിക്കുണ്ട്. 13 വയസുള്ള കടുവയാണ് കെണിയിലായത്. വാകേരി കൂടല്ലൂര്‍ സ്വദേശി പ്രജീഷിനെ കടിച്ചുകൊന്ന കടുവയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.