പിണറായി സര്‍ക്കാരിന്റെ നവ കേരള സദസിന് കാസര്‍കോട്ട് തുടക്കമായി

പിണറായി  സര്‍ക്കാരിന്റെ നവ കേരള സദസിന് കാസര്‍കോട്ട് തുടക്കമായി

തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ നവ കേരള സദസിന് കാസര്‍കോട്ട് തുടക്കമായി.  മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗയിലായിരുന്നു ജനസദസിന്റെ ഉദ്ഘാടനം. ഇടത് സര്‍ക്കാര്‍ നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രത്തെയും യുഡിഎഫിനെയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.

സര്‍ക്കാറിനെ സാമ്ബത്തികമായി ശ്വാസം മുട്ടിച്ച്‌ പ്രവര്‍ത്തിക്കാൻ അനുവദിക്കാതിരിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ സാമ്ബത്തികമായി തകര്‍ക്കാനുള്ള നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നത്. സര്‍ക്കാറിനെ സാമ്ബത്തികമായി ശ്വാസം മുട്ടിച്ച്‌ പ്രവര്‍ത്തിക്കാൻ അനുവദിക്കാതിരിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. കേന്ദ്രത്തില്‍ നിന്ന് കിട്ടാനുള്ളതില്‍ 57,000 കോടി രൂപയിലധികം കുറവ് വന്നു. ഒരു സംസ്ഥാനത്തെ എങ്ങനെ ശത്രുതാ മനോഭാവത്തോടെ കാണുന്നുവെന്നതിന്റെ ഉദാഹരണമാണിത്. തികച്ചും സര്‍ക്കാര്‍ പരിപാടിയായ നവകേരള സദസില്‍ നിന്നും സ്ഥലം എംഎല്‍എയെ കോണ്‍ഗ്രസ് വിലക്കിയെന്ന് വിമര്‍ശിച്ച മുഖ്യമന്ത്രി, ആഡംബര ബസ് വിവാദങ്ങളും ഉദ്ഘാടനച്ചടങ്ങില്‍ പരാമര്‍ശിച്ചു.

മുഖ്യമന്ത്രിയേയും മന്ത്രിമാരേയും തലപ്പാവ് അണിയിച്ചാണ് വേദിയില്‍ സ്വീകരിച്ചത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

2016 ന് മുൻപ് കേരളീയര്‍ കടുത്ത നിരാശയില്‍ ആയിരുന്നു. മാറ്റം ഉണ്ടാകില്ലെന്ന് കരുതിയിടത്താണ് ഇടത് സര്‍ക്കാര്‍ ഭരണത്തിലെത്തിയത്. ദേശീയ പാതയെന്ന് വിശ്വസിക്കാൻ പറ്റാത്ത രീതിയിലായിരുന്ന റോഡുകള്‍ മെച്ചപ്പെടുത്തി. കേരളത്തില്‍ ദേശീയ പാതാവികസനം ഇനി നടക്കില്ലെന്ന് ഒരു കാലത്ത് ജനം വിശ്വസിച്ചു. പക്ഷേ ഇന്നങ്ങനെയല്ല. സമയബന്ധിതമായി എല്ലാം പൂര്‍ത്തിയാക്കുമെന്ന് ജനം വിശ്വസിക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ ആയിരുന്നെങ്കില്‍ കേരളത്തില്‍ മാറ്റം ഉണ്ടാകുമായിരുന്നില്ല.

നവ കേരള സദസ് പരിപാടി തീര്‍ത്തും സര്‍ക്കാര്‍ പരിപാടിയാണ്. മഞ്ചേശ്വരം എംഎല്‍എയെ പക്ഷേ യുഡിഎഫ് വിലക്കി. ഇത് ജനാധിപത്യ പ്രക്രിയക്കെതിരാണ്. ഈ നാട് എല്‍എഡിഎഫ് എന്നതില്‍ നിന്നും മാറി ജനമെത്തി. എല്‍ഡിഎഫിന് അപ്പുറമുള്ള ജനങ്ങള്‍ പങ്കെടുത്തു. അവര്‍ക്ക് തിരിച്ചറിവ് ഉണ്ട്. ഇകഴ്ത്തി കാണിച്ചു വിവാദം ഉണ്ടാക്കാനാണ് ശ്രമം നടന്നത്.

നവകേരള സദസിനെ ഏതെല്ലാം തരത്തില്‍ ഇകഴ്ത്തി കാണിക്കാമെന്നാണ് നോക്കിയത്. ആഡംബര ബസാണ് എന്നത് ഞങ്ങള്‍ക്ക് എത്ര പരിശോധിച്ചിട്ടും മനസിലായില്ല. ബസിന്റെ ആഡംബരം എന്താണെന്ന് പരിശോധിച്ചിട്ടും മനസ്സിലായില്ല. ഞങ്ങളുടെ പരിശോധന കൊണ്ട് മാത്രം അവസാനിപ്പിക്കേണ്ട. മാധ്യമപ്രവര്‍ത്തകര്‍ക്ക് ബസ്സില്‍ കയറി ആര്‍ഭാടം പരിശോധിക്കാം.

മാധ്യമ സ്വാതന്ത്ര്യത്തിന് വിഘാതമുണ്ടാകുന്ന എന്തെങ്കിലും ഇടത് സര്‍ക്കാര്‍ ചെയ്തോ? മാധ്യമങ്ങള്‍ ശത്രുതാപരമായിട്ടാണ് സര്‍ക്കാറിനോട് പെരുമാറുന്നത്. ബദല്‍ സാമ്ബത്തിക നയം നടപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. ഇടത് സര്‍ക്കാര്‍ പൊതുമേഖലയെ സംരക്ഷിക്കുന്നു. ലൈഫില്‍ നാല് ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി. മുഖ്യമന്ത്രി പറഞ്ഞു