രാജീവ് ചന്ദ്രശേഖര്‍ സ്വത്ത് വിവരം മറച്ചുവെച്ചു; ഹൈക്കോടതിയില്‍ ഹര്‍ജി

രാജീവ് ചന്ദ്രശേഖര്‍ സ്വത്ത് വിവരം മറച്ചുവെച്ചു; ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. സ്വത്തുവിവരം സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് പത്രികയില്‍ നല്‍കിയതെന്നും ചട്ടവിരുദ്ധമായാണ് പത്രിക സമര്‍പ്പിച്ചതെന്നാരോപിച്ചാണ് ഹര്‍ജി നല്‍കിയത്. മഹിളാ കോണ്‍ഗ്രസ് നേതാവും അഭിഭാഷകയുമായ അവനി ബന്‍സല്‍, ബെംഗളൂരു സ്വദേശി രഞ്ജിത് തോമസ് എന്നിവരാണ് ഹര്‍ജി നല്‍കിയത്.

സ്വത്തു വിവരങ്ങള്‍ മറച്ചുവച്ചാണ് രാജീവ് ചന്ദ്രശേഖര്‍ പത്രിക നല്‍കിയതെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. നേരത്തെ ഈ വിഷയം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍ക്കും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയിരുന്നു. പരാതിയില്‍ നടപടി സ്വീകരിക്കാതെ പത്രിക സ്വീകരിക്കുകയാണ് ചെയ്തതെന്ന് ഹര്‍ജിയില്‍ പറയുന്നു. സൂക്ഷ്മ പരിശോധനയുടെ ഘട്ടത്തിലും ഇക്കാര്യങ്ങള്‍ പരിഗണിച്ചില്ലെന്നും പറയുന്നുണ്ട്.

2021-2022 വര്‍ഷത്തില്‍ ആദായനികുതി പരിധിയില്‍ വന്ന വരുമാനം 680 രൂപ മാത്രമാണെന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. 28 കോടി രൂപയുടെ ആസ്തി മാത്രമാണ് വെളിപ്പെടുത്തിയത്. ജുപിറ്റര്‍ ക്യാപിറ്റല്‍ അടക്കമുള്ള തന്റെ പ്രധാന കമ്പനികളുടെ വിവരങ്ങള്‍ രാജീവ് ചന്ദ്രശേഖര്‍ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് അവനി ബന്‍സലും കോണ്‍ഗ്രസും ആരോപിക്കുന്നത്. ബെംഗളൂരുവിലെ വസതിയുടെ ഉടമസ്ഥതയും രാജീവ് ചന്ദ്രേശഖര്‍ വെളിപ്പെടുത്തിട്ടില്ലെന്ന് അവനി ബന്‍സല്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.