ശ്രീ മിഥില
നനുത്ത കൈകളിൽ പിടിച്ച് നടക്കുമ്പോൾ അനിയൻകുട്ടന്റെ മുഖത്ത് പൊടിഞ്ഞ വിയർപ്പ് പാവാടത്തുമ്പുകൊണ്ട് തുടച്ചുകൊടുത്തു.
"ഓപ്പോളേ നമ്മളെന്തിനാ എന്നും അമ്പലത്തിൽ പോകുന്നത്?"
അവന്റെ നിഷ്കളങ്കമായ ചോദ്യത്തിന് തുടുത്ത കവിളിൽ മുത്തംകൊടുത്തുകൊണ്ട് പറഞ്ഞു
"അതോ അത് നമ്മൾ പഠിച്ചു വലിയ ആൾക്കാരാവാൻ."
ഒരു നിമിഷത്തെ മൗനത്തിനുശേഷം അടുത്ത ചോദ്യത്തിലേക്ക് അവൻ കടന്നു. മണ്ണിരയ്ക്ക് നാക്കുണ്ടോയെന്നും പുൽച്ചാടിക്കു കണ്ണുണ്ടോയെന്നും, പൂക്കൾ വിരിയുന്നതെന്തിനെന്നും, കിളികൾ ചിലയ്ക്കുന്നതെന്തിനെന്നും, പശുവിന്റെ പാൽ അതിന്റെ കുട്ടിക്ക് കുടിക്കാനുള്ളതല്ലേ എന്നും അവൻ സംശയങ്ങൾ ചോദിച്ചു.
അമ്പലക്കുളത്തിൽ കാൽ കഴുകി കുറച്ചുസമയം അവനോടൊപ്പം ഇരുന്നു.
മടിയിൽ തലവെച്ച് അവൻ ചാരിക്കിടന്നു. പെറുക്കിയെടുത്ത ചെറുകല്ലുകൾ അവൻ കുളത്തിലേക്കു എറിഞ്ഞു. "പാടില്ല കണ്ണാ മീനിന് നോവൂലേ?"
മീനിന് നോവുമോ?
പിന്നില്ലേ. ലോകത്തിൽ ജീവനുള്ള എല്ലാ ജീവികൾക്കും നമ്മെപ്പോലെ നോവും."
സോറി മീനെ എന്നു പറഞ്ഞു കൊണ്ട് ട്രൗസർ കുടഞ്ഞുകൊണ്ട് അവൻ എണീറ്റു.
ഓപ്പോളെ അവന് ജീവനാണ്. ഓപ്പോൾക്കൊപ്പം മൈലാഞ്ചിയിട്ട് കൈകൾ ചുവപ്പിക്കാൻ തലേന്ന് അവനും ഒപ്പംനിന്നിരുന്നു. "കൈ ചുവന്നോ ഓപ്പോളേ."
പതുപതുത്ത കൈകളിൽ അമർത്തിനോക്കിയിട്ട് അവൻ പറഞ്ഞു %ഓപ്പോൾടെ കൈയിൽ തൊടുമ്പോൾ സ്പോഞ്ചുമെത്തയിൽ തൊടുംപോലെ." കയ്യിൽ ചൊറിഞ്ഞു കിക്കിളിയാക്കിക്കൊണ്ട് അവൻ പറഞ്ഞു.
"വേഗം നടക്കു ഉണ്ണീ."
തൊഴുതു തീർത്ഥംകുടിച്ചു പ്രസാദവും വാങ്ങി പുറത്തിറങ്ങി.
അവന് ചന്ദനം തൊട്ടുകൊടുത്തപ്പോൾ ആ മുഖം തുടുത്തിരുന്നു. "ഓപ്പോൾക്ക് ഞാൻ ചന്ദനം തൊട്ടുതരാം." അവനൊപ്പം കുനിഞ്ഞുകൊടുത്തപ്പോൾ കയ്യിലുള്ള ചന്ദനം മുഴുവൻ നെറ്റിയിൽ തേച്ചിട്ട് എന്റെ ഓപ്പോൾ എത്ര സുന്ദരിയാണെന്നു അവൻ പറഞ്ഞു. "ചന്ദനത്തിന്റെ നിറമാ ഓപ്പോൾക്ക്."
കൈ മണത്തിട്ട് ഉടുപ്പിൽ തേച്ച് കൈയിൽനിന്നും പിടി വിടുവിച്ചു കൊണ്ട് അവൻ ഓടി.
"വീഴണ്ട ട്ടോ."
വർഷങ്ങൾ കഴിഞ്ഞു ഇന്ന് എന്റെ ഉണ്ണി വലിയ ഉദ്യോഗത്തിൽ ആയി. ഭാര്യയായി കുട്ടികളായി. ഇന്നും ഓപ്പോൾ അവന്റെ ജീവനാണ്.
ഇന്ന് എന്റെ ഉണ്ണി വരുന്നു, ദൂരെദൂരെ നിന്ന്.
അവനിഷ്ടമുള്ളതെല്ലാം ഒരുക്കിവെച്ച് കാത്തിരുന്നു. ഉണ്ണിയെത്തിയപ്പോൾ വൈകി.
"എന്റെ ഓപ്പോളേ". ഓടിയെത്തുന്ന തന്റെ ട്രൗസറിട്ട കുട്ടി. ആ പഴയ ഓപ്പോൾ വിളിക്കു മാറ്റംവന്നിട്ടില്ല.
ഓടിവന്നു കവിളിൽ മുത്തമിടുമ്പോൾ ലേഖ തമാശാക്കി. "ഓപ്പോൾക്ക് മീശ കുത്തിക്കൊള്ളുന്നുണ്ടാവും. ഹഹഹ." എല്ലാവരും ചിരിച്ചു. അവന്റെ ഇരട്ടക്കുട്ടികൾ അച്ഛൻ മാറിക്കെ എന്നുപറഞ്ഞുകൊണ്ട് മടിയിൽ സ്ഥാനംപിടിച്ചു. ഉണ്ടാക്കിവെച്ചതെല്ലാം തണുത്തു. ഇനി കഴിച്ചിട്ടാവാം. ഉണ്ണിക്കു ഉരുള ഉരുട്ടിക്കൊടുക്കുമ്പോൾ വീണ്ടും ലേഖ പൊട്ടിച്ചിരിച്ചു.
അവൾ ഈ രംഗങ്ങൾ ക്യാമറയിൽ പകർത്തുന്നുണ്ടായിരുന്നു.
പിറ്റേന്ന് ഓപ്പോൾടെ കൈ പിടിച്ചു ക്ഷേത്രത്തിൽ പോകുമ്പോൾ ഉണ്ണി എന്തൊക്കെയോ സംശയങ്ങൾ ചോദിച്ചു.
"ഇതുവരെ നിന്റെ ചോദ്യങ്ങൾ തീർന്നില്ലേ ഉണ്ണീ?"
അന്ന് ഓപ്പോൾടെ മടിയിൽ കിടന്നുകൊണ്ട് കഥകൾ കേൾക്കുമ്പോൾ അവൻ പഴയ കുട്ടിയായി. ആ നനുത്ത കൈകൾ ഇന്ന് ബലിഷ്oങ്ങളായി.
"ഓപ്പോൾക്ക് മൈലാഞ്ചി ഇട്ടു തരട്ടെ?"
"അതിന് മൈലാഞ്ചി എവിടെ? അതൊക്കെ വെട്ടി മാറ്റി."
അവിടെ ഇഴജന്തുക്കളെ കണ്ടെന്നുപറഞ്ഞു ഗോവിന്ദൻ എല്ലാം വെട്ടി ക്കളഞ്ഞു.
ഓപ്പോളുടെ വിവാഹ രാത്രി. അവൻ ഓർത്തു. ഓപ്പോളില്ലാതെ ഉറക്കംവരാതെ എങ്ങനെയോ മുറിയിൽ കടന്നുകൂടിയതും അച്ഛന്റെ തല്ലുകൊണ്ടതും അവൻ ഓർത്തു.
ഇന്ന് എന്റെ ഓപ്പോൾ ഒറ്റയ്ക്കാണ്. "ഓപ്പോൾ ഞങ്ങളുടെകൂടെ പോരൂ."
കുട്ടികൾ അപ്പോളേക്കും ഓപ്പോൾ വന്നേപറ്റൂ എന്നു പറഞ്ഞു ബഹളംകൂട്ടി. കുട്ടികളും അങ്ങനെ തന്നെയാണ് വിളിക്കുന്നത്.
"വേണ്ട മക്കളെ നിങ്ങൾ വരുമ്പോൾ നോക്കിയിരിക്കാൻ, വെച്ചുണ്ടാക്കാൻ, വിളമ്പി ത്തരാൻ എല്ലാം ഓപ്പോൾ വേണ്ടേ. ഓപ്പോൾ വരില്ല. നിർബന്ധിക്കണ്ട."
ഓപ്പോളേ നിർബന്ധിച്ചു എന്തെങ്കിലും ചെയ്യിക്കാൻ ആർക്കും സാധിക്കില്ല. വിധവയായി തുടരുമ്പോൾ എത്ര പറഞ്ഞിരിക്കുന്നു ഇനിയും വിവാഹിയാവാൻപറ്റില്ല എന്ന്. ഓപ്പോൾ പറഞ്ഞാൽ പറഞ്ഞതാ.
ഓപ്പോളുടെ കൂടെയുള്ള ഈ അവധിക്കാലവും രസകരമായി.
പോകുമ്പോൾ ഓപ്പോളുടെ ചന്ദനഗന്ധം കൂടെ കൊണ്ടുപോയി.
ഓർമ്മകൾക്കൊപ്പം ഓപ്പോളുടെ ചിരിയും മണവും പെട്ടിയിൽ നിറച്ചു. നിറഞ്ഞുതുളുമ്പിയ ഓപ്പോളുടെ കണ്ണുകൾ ഉണ്ണി ചുണ്ടുകൾകൊണ്ട് ഒപ്പിയെടുത്തു.