ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി

Jul 29, 2025 - 19:13
 0  3
ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി

ദുർഗ്: ഛത്തീസ്ഗഢിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. ദുർഗിലെ വിചാരണ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഉടൻ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്ന് അഭിഭാഷക അറിയിച്ചു.

ഇതിനിടെ, ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളെ പ്രതിപക്ഷ എംപിമാർ സന്ദർശിച്ചു. എന്‍.കെ. പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹ്നാന്‍, സപ്തഗിരി എന്നീ എംപിമാരാണ് ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളെ കാണാനെത്തിയത്.

ബജ്റംഗ്ദൾ പ്രവർത്തകർ വളരെ മോശമായ രീതിയിലാണ് തങ്ങളെ നേരിട്ടതെന്ന് കന്യാസ്ത്രീകൾ പറഞ്ഞതായി എംപിമാർ പറഞ്ഞു.

ഛത്തീസ്ഗഡിലെ ദുർഗിലാണ് മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി, സിസ്റ്റർ വന്ദന എന്നിവരാണ് അറസ്റ്റിലായത്. റെയിൽവെ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബജ്‌രംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. അറസ്റ്റിലായ കന്യാസ്ത്രീകൾ കണ്ണൂർ, അങ്കമാലി സ്വദേശികളാണ്.

നാരായൻപുർ ജില്ലയിൽ നിന്നുള്ള മൂന്ന് പെൺകുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകൾ സഞ്ചരിച്ചിരുന്നത്. 19 മുതൽ 22 വയസുള്ളവരായിരുന്നു ഇവർ. റെയിൽവെ സ്റ്റേഷനിലെത്തിയ ബജ്‌റംഗ്ദൾ പ്രവർത്തകർ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിക്കുകയായിരുന്നു. കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും ചെയ്തു.